കോന്നി : കോന്നി ഗവ.മെഡിക്കൽ കോളേജിൽ മെഡിക്കൽ വിദ്യാർത്ഥികളുടെ അതിരുവിട്ട ഓണാഘോഷം രോഗികൾക്ക് ബുദ്ധിമുട്ടായി. കോളേജ് അധികൃതർ വിദ്യാർത്ഥികളോട് വിശദീകരണം ചോദിച്ചു. ഇന്നലെ രാവിലെയാണ് സംഭവം. ബാൻഡ് മേളവും വലിയ ശബ്ദമുണ്ടാക്കുന്ന ബൈക്കുകളുമായാണ് വിദ്യാർത്ഥികൾ ആഘോഷത്തിൽ പങ്കാളികളായത്. ഒ.പി കൗണ്ടറിന്റെ ഭാഗത്ത് ഉൾപ്പെടെ വിദ്യാർത്ഥികൾ വലിയ ബഹളമുണ്ടാക്കി. കൂട്ടിരിപ്പുകാരുടെ പരാതിയെ തുടർന്ന് സെക്യൂരിറ്റി ജീവനക്കാരും പൊലീസും ഇടപെട്ടു വിദ്യാർത്ഥികളെ ഉടനെ മാറ്റുകയായിരുന്നു. ഹൃദ് രോഗികൾക്കും ശസ്ത്രക്രിയ കഴിഞ്ഞ രോഗികൾക്കും ശബ്ദകോലാഹലം ബുദ്ധിമുട്ടായി.

ആശുപത്രിയിൽ എത്തുന്നവർക്ക് ശല്യമാകാത്ത രീതിയിൽ അത്തപ്പൂക്കളമൊരുക്കി ഓണം ആഘോഷിക്കാനാണ് അനുമതി നൽകിയത്. അതിരുവിട്ട ആഘോഷം നടത്തിയ വിദ്യാർത്ഥികളോട് വിശദീകരണം തേടിയിട്ടുണ്ട്.

കോന്നി മെഡിക്കൽ കോളേജ് അധികൃതർ.