പ്രമാടം :ബാലഗോകുലങ്ങളുടെയും വിവിധ ഹൈന്ദവ സംഘടനകളുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകൾ ഭക്തിനാന്ദ്രമായി. ഉണ്ണിക്കണ്ണൻമാരും ഗോപികമാരും ആനന്ദലീലകൾ ആടിയപ്പോൾ നിശ്ചലദൃശ്യങ്ങളും ഫ്ളോട്ടുകളും ചെണ്ടമേളവും കോൽകളിയും ഉറിയടിയുമൊക്കെ ഘോഷയാത്രയ്ക്ക് മെഴിവേകി.
വാഴമുട്ടം : വാഴമുട്ടം ഈസ്റ്റ് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷം നടന്നു. വാഴമുട്ടം മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ശോഭായാത്ര പുളിനിൽക്കുന്നതിൽ ജംഗ്ഷൻ, കാഞ്ഞിരപ്പാറ, വാലുപാറ, വല്ല്യയ്യത്ത്, പാലനിൽക്കുന്നതിൽ, അയ്യംകുളത്ത്, പോസ്റ്റ് ഓഫീസ് ജംഗ്ഷൻ വഴി തിരിച്ച് ക്ഷേത്ര അങ്കണത്തിൽ സമാപിച്ചു. ഉറിയടി, പ്രസാദ വിതരണം, വിശേഷാൽ ദീപാരാധന, അവതാരപൂജ, നാരായണീയ പാരായണം, അന്നദാനം തുടങ്ങിയവ ഉണ്ടായിരുന്നു.
പ്രമാടം : പ്രമാടം, വലഞ്ചുഴി ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തിൽ നടന്ന ശോഭായാത്രകൾ മല്ലശേരിമുക്കിൽ സംഗമിച്ച് കീച്ചേരിൽ ക്ഷേത്രത്തിൽ സമാപിച്ചു. തുടർന്ന് ഉറിയടിയും കോൽകളിയും അവൽപ്പൊതി വിതരണവും നടന്നു.
വള്ളിക്കോട് : തൃക്കോവിൽ, ദേവീപുരം, മാമ്പിലായിൽ എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ വിവിധ കേന്ദ്രങ്ങളിൽ സംഗമിച്ച് മഹാശോഭായാത്രയായി വള്ളിക്കോട് തൃക്കോവിൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ സമാപിച്ചു.
വെട്ടൂർ മഹാവിഷ്ണു ക്ഷേത്രം, താഴൂർ ഭഗവതി ക്ഷേത്രം, ളാക്കൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലും ശോഭായാത്രകളും വിശേഷാൽ പൂജകളും അവൽപൊതി വിതരണവും നടത്തി.