പ്രമാടം : സ്വകാര്യ വ്യക്തികൾ സൗന്ദര്യ വത്കരണത്തിന്റെ ഭാഗമായി നട്ടുപിടിപ്പിച്ച അലങ്കാര ചെടി മരങ്ങൾ കാഴ്ച മറയ്ക്ക് രീതിയിൽ തഴച്ച് വളർന്നതോടെ പൂങ്കാവ് -വി.കോട്ടയം -വകയാർ റോഡിൽ അപകടങ്ങൾ പതിവാകുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഈ റൂട്ടിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഞായറാഴ്ച രാത്രി മിനി ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടെ റോഡിലേക്ക് വളർന്നുനിന്ന ചെടിമരത്തിലിടിച്ച് ബൈക്ക് യാത്രക്കാരായ യുവാക്കൾക്ക് പരിക്കേറ്റു, രാത്രികാലങ്ങളിലാണ് അപകടങ്ങൾ കൂടുതലും സംഭവിക്കുന്നത്. ആറ് മാസം മുമ്പ് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് ചെടി മരത്തിൽ ഇടിച്ച് മറിഞ്ഞ് വി.കോട്ടയം സ്വദേശിയായ യുവാവ് മരിച്ചിരുന്നു. ഇവയുടെ ശിഖരങ്ങൾ തട്ടിയും ഇരുചക്ര വാഹന യാത്രക്കാർക്ക് പരിക്കേൽക്കാറുണ്ട്. ഈ റോഡ് ആധുനിക രീതിയിൽ പുനർ നിർമ്മിച്ചതോടെ രാത്രിയിലും പകലും വാഹനങ്ങളുടെ വലിയ തിരക്കാണ് ഈ റൂട്ടിൽ അനുഭവപ്പെടുന്നത്. അടൂർ, ചന്ദനപ്പള്ളി ഭാഗത്ത് നിന്ന് വരുന്നവർക്ക് പൂങ്കാവ്, കോന്നി ചുറ്റാതെ എളുപ്പത്തിൽ വി.കോട്ടയം വഴി പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ വകയാറിൽ എത്തിച്ചേരാൻ കഴിയുന്ന റോഡാണിത്. സംസ്ഥാന പാത വഴി എത്തുന്നവരും എളുപ്പവഴിയായി ഈ റോഡ് ധാരാളമായി ഉപയോഗിക്കുന്നുണ്ട്. പഞ്ചായത്തിന്റെ നിയമങ്ങളും നിയന്ത്രണങ്ങളും കാറ്റിൽ പറത്തിയാണ് വാഴയും പച്ചക്കറിയും ഉൾപ്പടെയുള്ള കൃഷികളും അലങ്കാര ചെടികളും പൂമരങ്ങളുമൊക്കെ സ്വകാര്യ വ്യക്തികൾ റോഡ് പുറമ്പോക്ക് കൈയേറി വീടുകൾക്ക് മുന്നിൽ നട്ടുവളർത്തുന്നത്. ഇത് വലിയ അപകടങ്ങൾക്ക് കാരണമാകുമ്പോഴും ഇവ വെട്ടി മാറ്റുന്നതിനോ ശിഖരങ്ങൾ കോതി നിർത്തുന്നതിനോ വീട്ടുകാർ തയ്യാറാകുന്നില്ല. ഇത് സംബന്ധിച്ച് നാട്ടുകാർ നൽകിയ പരാതികളെ തുടർന്ന് റോഡ് വശങ്ങൾ കൈയേറിയുള്ള കൃഷിയിറക്കലുകളും നിർമ്മാണ പ്രവർത്തനങ്ങളും പഞ്ചായത്തും പൊതുമരാമത്ത് വകുപ്പും വിലക്കിയിരുന്നു.