ഏനാത്ത് : ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഏനാത്ത് കല്ലടയാറിനു കുറുകെ എം.സി റോഡിൽ സമാന്തരപാലം നിർമ്മിക്കണമെന്ന ആവശ്യം വീണ്ടും ഉയരുന്നു. ബ്രിട്ടീഷ് ഭരണകാലത്തു നിർമ്മിച്ച പഴയ പാലം നിലനിന്നിരുന്ന ഭാഗത്ത് സമാന്തരപാലം നിർമ്മിക്കണമെന്നാണ് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നത്. നിലവിൽ ഗതാഗത സംവിധാനമുള്ളത് 1998ൽ സംസ്ഥാന സർക്കാർ നിർമ്മിക്കുകയും പിന്നീട് പില്ലറുകൾ മാറ്റി സ്ഥാപിച്ചു അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്ത പാലത്തിലൂടെയാണ്. ഈ പാലമാകട്ടെ ഏനാത്ത് നഗരത്തിൽ നിന്നും മാറിയാണ് സ്ഥിതി ചെയ്യുന്നത് . ഈ പാലത്തിന് 27വർഷം പഴക്കമുണ്ട്. വർഷങ്ങൾക്ക് മുൻപ് ഈ പാലത്തിനു ബലക്ഷയമുണ്ടായതോടെ ബെയ്ലിപാലം സമാന്തരമായി നിർമ്മിച്ചാണ് ഗതാഗതം സാദ്ധ്യമാക്കിയത്. ആ കാലയളവിൽ എം.സി റോഡിൽ വലിയ ഗതാഗത തടസമാണ് അനുഭവപ്പെട്ടത്. ആറു കോടിയോളം രൂപ മുടക്കിയാണ് അന്ന് പുതിയ പാലത്തിന്റെ പില്ലറുകൾ ബലപ്പെടുത്തിയത് . നിലവിൽ ഈ പാലത്തിലൂടെ ഗതാഗതം തുടരുന്നുണ്ടെങ്കിലും എപ്പോഴെങ്കിലും ബലക്ഷയം സംഭവിക്കുന്ന സാഹചര്യമുണ്ടായാൽ സമാന്തരമായ പാലമില്ലാത്തതിനാൽ ഗതാഗത സ്തഭനം എം.സി റോഡിൽ രൂപപ്പെടുമെന്നാണ് നാട്ടുകാരുടെ വാദം. പഴയ പാലം നില നിന്നിരുന്ന ഭാഗത്ത് സമാന്തര പാലം യാഥാർത്ഥ്യമായാൽ അത് നഗരമദ്ധ്യത്തിലൂടെ കടന്നു പോകുമെന്നുള്ളതും അത് ഏനാത്തിന്റെ വികസന മുന്നേറ്റത്തിന് സഹായകമാകുമെന്നുള്ളതും ഒരു വസ്തുതയാണ് . ഈ പാലം യാഥാർത്ഥ്യമായാൽ തെക്ക് ഭാഗത്ത് നിന്ന് വരുന്ന യാത്രക്കാർക്ക് ശബരിമല ,തേക്കടി ,വാഗമൺ ,കുമളി ,ഇടുക്കി റാന്നി തുടങ്ങിയ സ്ഥലങ്ങളിലേക്ക് അടൂർ വഴി പോകാതെ കടമ്പനാട് -ഏഴംകുളം മിനിഹൈവേ ഉപയോഗപ്പെടുത്താം. അത് പോലെ തന്നെ പഴയ പാലത്തിന്റെ വടക്കുവശത്ത് 87 സെന്റോളം സർക്കാർ ഭൂമിയുള്ളത് പാർക്കിംഗിന് വേണ്ടി ഉപയോഗപ്പെടുത്താമെന്നും നാട്ടുകാരും വ്യാപാരികളും അഭിപ്രായപ്പെടുന്നുണ്ട്.
നിവേദനം നൽകി
സമാന്തര പാലം എന്ന ആവശ്യമുന്നയിച്ചു 2023ൽ പൊതുമരാമത്ത് മന്ത്രിക്കു നിവേദനം നൽകിയിരുന്നതാണ്. തദ്ദേശ തിരഞ്ഞെടുപ്പ് കാലമായതോടെ സമാന്തര പാലം വിഷയം വീണ്ടും ചർച്ചയാകുന്നുണ്ട്. ഈ ആവശ്യം സർക്കാർ അനുഭാവപൂർവം പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.