ചെങ്ങന്നൂർ: ആല പഞ്ചായത്തിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. വ്യാപകമായി കൃഷി നശിപ്പിക്കുന്നതായി കർഷകരുടെ പരാതി. കഴിഞ്ഞ ദിവസം 9-ാം വാർഡിൽ കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിച്ചു. കിടായി കുഴിയിൽ രാജന്റെ 50ഏത്തവാഴ, 30മൂട് ചേന, ആമചാത്രയിൽ എ.സി. തോമസിന്റെ 50മൂട് ചേന, 20 മൂട് ചേമ്പ്, പൂവ പുളളിൽ സണ്ണി തോമസിന്റെ 50 ഏത്തവാഴ, പൂവപ്പള്ളിൽ പി.ഒ. ജോണിന്റെ 10 ഏത്തവാഴ, തെക്കേത്തെരുവിൽ ജിനുവിന്റെ 35 ഏത്തവാഴ, 120 മുട് കപ്പ, ആറാം വാർഡിൽ രജിഭവനിൽ രാമചന്ദ്രൻ പിള്ളയുടെ 60 ഏത്തവാഴ എന്നിവ കാട്ടുപന്നികൾ നശിപ്പിച്ചു.മുളക്കുഴ പഞ്ചായത്ത് 15-ാം വാർഡിൽ കഴിഞ്ഞ രാത്രിയിലും വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു.ചെങ്ങന്നൂർ താലൂക്കിലെ ഇടനാട്, പുത്തൻകാവ്, ചെറിയനാട്, വെൺമണി എന്നിവിടങ്ങളിലും കാട്ടുപന്നി ശല്യം രൂക്ഷമാണ്. ചെറിയനാട് ജെബി സ്കൂളിന്റെ ജീർണ്ണിച്ച കെട്ടിട ഭാഗത്തും ചെറിയനാട് പഞ്ചായത്തിന് സമീപമുള്ള പാംവ്യൂ ഫിലിപ്പിന്റെ കാടുപിടിച്ച് കിടക്കുന്ന പുരയിടത്തിലും പന്നികൾ താവളമാക്കിയിരിക്കുകയാണ്. മാസങ്ങൾക്ക് മുൻപ് പള്ളിക്കൽ പി.കെ. ചെറിയാന്റെയും അയൽവാസിയായ ഹരികുമാറിന്റെയും പുരയിടത്തിലെ തെങ്ങിൻ തൈകളും ചേന, ചേമ്പ് തുടങ്ങിയ കാർഷിക വിളകളും നശിപ്പിച്ചിരുന്നു.

കൃഷി ഉപേക്ഷിക്കാൻ കർഷകർ


താലൂക്കിലെ തരിശുകിടക്കുന്ന പാടത്തും, കൃഷി ചെയ്യാതെ കാടുപിടിച്ചു കിടക്കുന്ന പറമ്പുകളിലും ഒഴുക്കു നിലച്ച ഉത്തരപള്ളിയാറിന്റെ തീരത്തെ കാടുകളിലുമാണ് കാട്ടുപന്നികൾ താവളമാക്കുന്നത്. കടം വാങ്ങിയും പലിശക്കെടുത്തും ഇറക്കുന്ന കാർഷിക വിളകൾക്ക് തുടർച്ചയായുണ്ടാകുന്ന നഷ്ടം നികത്താനാകാതെ കർഷകർ വലയുകയാണ്. ഈ സാഹചര്യത്തിൽ കൃഷി ഉപേക്ഷിക്കാൻ കർഷകർ നിർബന്ധിതരാവുകയാണ്.

.......................


ഒൻപത്, ഏഴ്, നാല്, 12 എന്നി വാർഡുകളിലാണ് പന്നികളുടെ ആക്രമണം മൂലം കൃഷികൾക്ക് നാശം സംഭവിച്ചിട്ടുള്ളത്. കർഷകരുടെ കൂട്ടായ സഹകരണത്തോടെ പന്നികളെ ഇല്ലായ്മ ചെയ്യുന്നതിനുള്ള പദ്ധതികൾ ആവഷ്കരിച്ച് നടപ്പിലാക്കും.

കെ.ആർ. മുരളിധരൻ പിള്ള

(ആല പഞ്ചായത്ത് പ്രസിഡന്റ്)

...........................................................

നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ ലൈസൻസുള്ള ഷൂട്ടർമാരെ ഉപയോഗിച്ച് വെടിവെച്ച് കൊല്ലാൻ പ്രസിഡന്റിന് അധികാരമുണ്ട്. എന്നാൽ, വിഷം ഉപയോഗിച്ചോ, സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചോ, ഷോക്കേൽപ്പിച്ചോ കാട്ടുപന്നികളെ കൊല്ലാൻ പാടില്ല.

പി.കെ. രാജേഷ്

(റേഞ്ച് ഫോറസ്റ്റ് ഓഫീസർ)