മല്ലപ്പള്ളി: കുന്നന്താനം - കവിയൂർ, തിരുമാലിട ക്ഷേത്രം കാവനാൽകടവ്, പാലത്തിങ്കൽ ഈട്ടിക്കൽ പടി എന്നീ റോഡുകൾ റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി ഉന്നതനിലവാരത്തിൽ നിർമ്മിക്കുന്നതിനുള്ള ഭരണാനുമതി ലഭിച്ചതായി മാത്യു ടി.തോമസ് എം.എൽ.എ അറിയിച്ചു. കവിയൂർ കുന്നന്താനം കല്ലൂപ്പാറ മല്ലപ്പള്ളി പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന 3 റോഡുകൾക്കാണ് 20.8 കോടി രൂപയുടെ അനുമതി ലഭിച്ചിട്ടുള്ളത്. തിരുവല്ല നിയോജകമണ്ഡലത്തിലെ മല്ലപ്പള്ളി, പുറമറ്റം, കല്ലൂപ്പാറ പഞ്ചായത്തുകളിലായി റീബിൽഡ് കേരള പദ്ധതി പ്രകാരം 6 റോഡുകളുടെ പുനരുദ്ധാരണത്തിനായി 102.89 കോടി സംസ്ഥാന സർക്കാർ 2020ൽ അനുവദിച്ചിരുന്നു. റോഡുകളുടെ നിർമ്മാണം പൂർത്തീയായതിന് ശേഷം ബാക്കി വന്ന തുക നിയോജകമണ്ഡലത്തിലെ റോഡുകളുടെ നിർമ്മാണത്തിന് അനുവദിക്കണമെന്ന് മുഖ്യമന്ത്രിക്ക് എം എൽ എ നിവേദനം നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ എസ്റ്റ്‌മേറ്റ് അടിസ്ഥാനമാക്കിയാണ് പ്രവൃത്തികൾക്ക് മന്ത്രിസഭ അംഗീകരിച്ച് ഇപ്പോൾ ഭരണാനുമതി ലഭിച്ചിട്ടുള്ളത്. സാങ്കേതിക അനുമതി ലഭിച്ചാലുടൻ ടെണ്ടർ ചെയ്ത് പണികൾ തുടങ്ങുവാൻ കഴിയുമെന്ന് എം.എൽ.എ അറിയിച്ചു.