തിരുവല്ല : ടി.കെ. റോഡിൽ ജോസീസിന് സമീപത്ത് നിന്ന് തുടങ്ങി മാർത്തോമാ കോളേജ് - പുതുച്ചിറ ജംഗ്ഷൻ വരെ നീളുന്ന റോഡിന്റെ ഇരുവശങ്ങളിലും കാടുവളർന്നു പടർന്നതോടെ യാത്ര ദുസഹമായി. തിരുവല്ല നഗരസഭയുടെ 9, 10 വാർഡുകളിലൂടെ കടന്നുപോകുന്ന റോഡിലൂടെ പ്രദേശവാസികളും കാൽനട യാത്രക്കാരും വിദ്യാർത്ഥികളുമെല്ലാം ഇഴജന്തുക്കളെ ഭയന്നാണ് യാത്ര ചെയ്യുന്നത്. റോഡിന്റെ ഇരുവശങ്ങളിൽ നിന്നും കുറ്റിക്കാടുകൾ വളർന്ന് വലിയ വാഹനങ്ങൾക്ക് പോകാനാകാത്തവിധം യാത്രാതടസം സൃഷ്ടിക്കുകയാണ്. മറുവശത്ത് നിന്നുവരുന്ന വാഹനങ്ങളെ പോലും മറയ്ക്കുംവിധം കുറ്റിച്ചെടികൾ ഉയരത്തിൽ വളർന്നു നിൽക്കുന്നു. കാടുവളർന്നു നിൽക്കുന്നതിനാൽ മാലിന്യങ്ങൾ രാത്രികാലങ്ങളിൽ വാഹനങ്ങളിലെത്തിച്ച് ഇവിടെ വഴിയോരങ്ങളിൽ തള്ളുകയാണ്. ടി.കെ റോഡിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് നഗരത്തിലെ തിരക്കിൽപ്പെടാതെ തിരുവല്ല റെയിൽവേ സ്റ്റേഷനിലേക്കും മല്ലപ്പള്ളി റോഡിലേക്കും ബിലീവേഴ്സ്, മെഡിക്കൽ മിഷൻ ആശുപത്രികളിലേക്കും എളുപ്പത്തിൽ പ്രവേശിക്കാൻ സാധിക്കുന്ന റോഡാണിത്. കാടുവെട്ടി തെളിക്കണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ല. പ്രദേശത്ത് വഴിവിളക്കുകളും തകരാറിലായതിനാൽ ഇതുവഴിയുള്ള രാത്രിയാത്ര ഭീതിജനകമാണ്.
..............................
മാർത്തോമ്മാ കോളേജ് - പുതുശേരി റോഡിലെ കാടുപിടിച്ച വഴിയോരങ്ങൾ തെളിച്ചു അടിയന്തരമായി സഞ്ചാരയോഗ്യമാക്കാൻ നടപടി സ്വീകരിക്കണം,
തോമസ് മാത്യു
(പ്രദേശവാസി)
9, 10 വാർഡുകളിലൂടെ കടന്നുപോകുന്ന റോഡ്