crime

കോഴഞ്ചേരി: കോയിപ്രത്ത് ദമ്പതികൾ യുവാക്കളെ വീട്ടിൽ വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിച്ച സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ഉൗർജ്ജിതമാക്കി. നഖംപിഴുതും ജനനേന്ദ്രിയത്തിൽ സ്റ്റാപ്ളറടിച്ചും രണ്ടുയുവാക്കളെ ക്രൂരമായി മർദ്ദിച്ച കേസിൽ കോയിപ്രം കുറവൻകുഴി മലയിൽ വീട്ടിൽ ജയേഷ് (30), ഭാര്യ രശ്മി (25) എന്നിവരെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. ജയേഷിന്റെ ബംഗളുരുവിലെ പണിസ്ഥലത്തെ സഹപ്രവർത്തകരായ യുവാക്കൾക്ക് രശ്മിയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നുള്ള പകവീട്ടലായിരുന്നു സംഭവമെന്ന് തെളിഞ്ഞെങ്കിലും ദുരൂഹതകൾ ബാക്കിയുണ്ട്.

ദമ്പതികളുടെ ക്രൂര വിനോദത്തിന് ഇരയായവർ ഇനിയമുണ്ടെന്നാണ് പൊലീസിന്റെ സംശയം. പുറത്തറിയാതിരിക്കാൻ പരാതിപ്പെടുന്നില്ലെന്നുമാത്രം. ദമ്പതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്ത ശേഷം മറ്റുള്ളവരെ കണ്ടെത്തും. അക്രമത്തിനിരയായ യുവാക്കൾക്ക് രശ്മിയുമായി ഫോണിലൂടെ ബന്ധമുണ്ട്. ഇവർ രശ്മിയുമായി സെക്സ് ചാറ്റുകൾ നടത്തിയിരുന്നു. ഇത് കണ്ടെത്തിയ ജയേഷ് രശ്മിയുമായി വഴക്കുണ്ടാക്കുകയും പിന്നീട് ഒത്തുതീർപ്പാക്കുകയും ചെയ്തിരുന്നു. രശ്മിയുടെ ചിത്രങ്ങൾ യുവാക്കളുടെ കൈവശമുണ്ടെന്ന് ജയേഷിന് സംശയമുണ്ടായിരുന്നു. രശ്മിയുടെ സഹായത്തോടെ യുവാക്കളെ വിളിച്ചുവരുത്തുകയായിരുന്നു.

മർദ്ദിക്കുന്നതിന്റെ പത്ത് ദൃശ്യങ്ങൾ രശ്മിയുടെ ഫോണിൽ കണ്ടെത്തി. യുവാക്കളുടെ ജനനേന്ദ്രിയത്തിൽ സ്റ്റാപ്പ്ളർ അടിക്കുന്നതിന്റെയും നഖത്തിനടിയിൽ മൊട്ടുസൂചി തറയ്ക്കുന്നതിന്റെയും ലൈംഗികത അഭിനയിക്കുന്നതിന്റെയും ദൃശ്യങ്ങൾ ജയേഷിന്റെ ഫോണിലാണ്. ഇയാൾ ഇത് രഹസ്യ കോഡിലാക്കി സൂക്ഷിച്ചിരിക്കുകയാണ്. സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൾഡർ തുറക്കാനാണ് ശ്രമം.