ഏറത്ത് : ഏറത്ത് ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികൾ പഠനയാത്ര പോയതിനെച്ചൊല്ലി വിവാദം. ഒരാൾക്ക് 25000 രൂപ ചെലവ് വരുന്ന യാത്ര പഞ്ചായത്തിന്റെ നികുതിപ്പണം ഉപയോഗിച്ചാണെന്ന് എൻ. സി .പി ആരോപിച്ചു. കിലയിൽ നിന്നാണ് യാത്രയ്ക്ക് ഫണ്ട് അനുവദിക്കുന്നത്. 40% മാത്രമാണ് ഇങ്ങനെ അനുവദിക്കുന്നത് . ബാക്കി പഞ്ചായത്തിന്റെ നികുതിപ്പണത്തിൽ നിന്നാണെന്നാണ് ആരോപണം. 17 അംഗങ്ങളിൽ 14 പേരാണ് പഠനയാത്രയ്ക്ക് പോയിരിക്കുന്നത്. സി.പി.എം, കോൺഗ്രസ്, ബി.ജെ.പി, സി.പിഐ അംഗങ്ങൾ യാത്രയിലുണ്ട്. ബാംഗ്ലൂർ, മൈസൂർ തുടങ്ങിയ സ്ഥലങ്ങളിലെ ശുചിത്വവും മാലിന്യസംസ്കരണവും നേരിൽ കണ്ടു പഠിക്കുകയാണ് ലക്ഷ്യമെന്ന് പറയുന്നെങ്കിലും ഇത് വിനോദയാത്ര മാത്രമാണെന്ന് എൻ. സി .പി അടൂർ നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. എന്നാൽ സർക്കാർ ചട്ടങ്ങൾ പാലിച്ചാണ് പഠനയാത്രയെന്നും പഞ്ചായത്തിന്റെ പണം ഉപയോഗിച്ചിട്ടില്ലെന്നും പഞ്ചായത്ത്‌ അധികൃതർ പറഞ്ഞു. തങ്ങളുടെ ഘടക കക്ഷി ആക്ഷേപവുമായി രംഗത്ത് വന്നത് എൽ.ഡി.എഫിന് തിരിച്ചടിയായി. ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തിലെ പ്രതിപക്ഷം ഇതിനെ എതിർക്കുന്നതിനു പകരം യാത്രയെ അനുകൂലിച്ചത് വിചിത്രമാണെന്ന് പരാതിയുണ്ട്.