പ്രമാടം : പ്രമാടം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ ഉയർന്ന പ്രദേശമായ കോട്ടപ്പാറ കേന്ദ്രീകരിച്ച് കുടിവെള്ള പദ്ധതി വരുന്നതും കാത്ത് നാട്ടുകാർ. 40 കുടുംബങ്ങളാണ് ഇവിടെയുള്ളത്. വർഷത്തിൽ എല്ലാ മാസവും ശുദ്ധജല ക്ഷാമം നേരിടുന്ന പ്രദേശമാണിത്. അച്ചൻകോവിലാറ്റിലെ സ്വാമിപ്പടിയിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് കോട്ടപ്പാറയിൽ ജലസംഭരണി പണിത് പ്രദേശത്ത് കുടിവെള്ളം ലഭ്യമാക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും നടപടിയായിട്ടില്ല. ഈ ആവശ്യം ഉന്നയിച്ച് പ്രദേശവാസികൾ ജനപ്രതനിധികൾക്കും ജല അതോറിറ്റി ഉദ്യോഗസ്ഥർക്കും നിരവധി നിവേദനങ്ങൾ നൽകിയിട്ടുണ്ട്. പ്രദേശത്തെ ശുദ്ധജലക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്നും കോട്ടപ്പാറമലയിൽ ജലസംഭരണി സ്ഥാപിച്ച് കുടിവെള്ളം എത്തിക്കാനുള്ള നടപടി ഉണ്ടാകുമെന്നും അധികൃതർ പലതവണ ഉറപ്പ് നൽകിയെങ്കിലും എല്ലാം ജലരേഖയായി. ഇതിനെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.

സമഗ്ര കുടിവെള്ള പദ്ധതിയിലും ഇടംപിടിച്ചില്ല

പ്രമാടത്തിന്റെ ദാഹം അകറ്റാൻ 102 കോടി രൂപയുടെ സമഗ്ര കുടിവെള്ള പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും കോട്ടപ്പാറ ഇതിലും ഇടംപിടിച്ചിട്ടില്ല. പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളായ കുളപ്പാറ, നെടുംപാറ, പടപ്പുപാറ, കൊച്ചുമല എന്നിവിടങ്ങളിലാണ് പുതിയ വാട്ടർ ടാങ്കുകൾ നിർമ്മിക്കാൻ അനുമതി ലഭിച്ചിരിക്കുന്നത്. നിലവിൽ മറൂർ കുളപ്പാറയിലാണ് പ്രമാടം കുടിവെളള പദ്ധതിയുടെ പ്രധാന ടാങ്ക് സ്ഥിതി ചെയ്യുന്നത്. ഇത് വർഷങ്ങളുടെ കാലപ്പഴകം മൂലം ബലക്ഷയത്തിലാണ്. . ഇതിന് സമീപത്തായാണ് പുതിയ ടാങ്ക് നിർമ്മിക്കുന്നത്. പമ്പിംഗ് കാര്യക്ഷമമാക്കാൻ അച്ചൻകോവിലാ​റ്റിലെ മറൂർ വെട്ടിക്കാലിൽ പടിക്ക് പുറമെ വ്യാഴി കടവിലും പമ്പ് ഹൗസ് സ്ഥാപിക്കാൻ നടപടിയായിട്ടുണ്ട്. കോട്ടപ്പാറയിൽ കൂടി ജലസംഭരണി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നിവേദനങ്ങൾ നൽകിയെങ്കിലും പരിഗണിക്കപ്പെട്ടിട്ടില്ല.

വട്ടക്കുളഞ്ഞിയിലും പ്രതിസന്ധി

വേനൽ തുടങ്ങിയാൽ സമീപത്തെ ഒന്നും രണ്ടും വാർഡുകളിലും കുടിവെള്ള ക്ഷാമം രൂക്ഷമാകും.

കിലോമീറ്ററുകൾ താണ്ടിയും വില നൽകിയുമാണ് പ്രദേശവാസികൾ പലപ്പോഴും വെള്ളം ശേഖരിക്കുന്നത്. മറൂർ പമ്പ് ഹൗസിൽ നിന്നാണ് ഈ പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കുന്നത്. ഇവിടുത്തെ മോട്ടോറുകൾ ഇടയ്ക്കിടെ തകരാറിലാകുന്നതും പൈപ്പ് പൊട്ടലും പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്. മൂന്ന് മോട്ടോറുകളുണ്ടെങ്കിലും രണ്ടെണ്ണം മാത്രമാണ് മിക്കപ്പോഴും പ്രവർത്തിപ്പിക്കുന്നത്. ഇത് ഉപയോഗിച്ച് പമ്പിംഗ് നടക്കുന്നുണ്ടെങ്കിലും ഒന്നും രണ്ടും മൂന്നും വാർഡുകളിലെ ഉയർന്ന പ്രദേശങ്ങളിൽ ആവശ്യാനുസരണം കുടിവെള്ളം ലഭിക്കാറില്ലെന്ന് നാട്ടുകാർ പറയുന്നു. കോട്ടപ്പാറയിൽ ജലസംഭരി വന്നാൽ ഇവിടുത്തെ പ്രശ്നങ്ങൾക്കും പരിഹാരമാകും.