അടൂർ : ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദേശങ്ങൾക്ക് പുല്ല് വില കല്പിക്കുന്ന അടൂർ കെ.എസ്.ആർ.ടി.സി ഡിപ്പോ അധികൃതർക്കെതിരെ വ്യാപക പരാതി.
കടമ്പനാട് ,ഏറത്ത് പഞ്ചായത്തിലെ ബസ് സർവീസിനെ ആശ്രയിക്കുന്ന നൂറുകണക്കിന് സ്ത്രീകളും വിദ്യാർത്ഥികളുമാണ് പരാതി ഉന്നയിക്കുന്നത്. കൊവിഡ് കാലത്ത് സർവീസ് നിറുത്തിയ കടമ്പനാട് -പന്തളം സർവീസിന്റെ അഭാവം മൂലം ഇരുപഞ്ചായത്തുകളുടെയും ഉൾപ്രദേശങ്ങളിലും താമസിക്കുന്ന സ്ത്രീകളും വിദ്യാർത്ഥികളുമടങ്ങുന്ന പൊതുജനങ്ങൾ കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് മണക്കാലയിലും നെല്ലിമുകളിലുമൊക്കെയെത്തി അടൂർ ചവറ റൂട്ടിലെ ബസിൽ കയറി യാത്ര ചെയ്യുന്നത്. ഏറത്ത് പഞ്ചായത്തിലെ മണക്കാല ,അന്തിച്ചിറ ,ചിറ്റാണിമുക്ക് പ്രദേശങ്ങളിൽ നിന്നും സ്ത്രീകളും കുട്ടികളുമൊക്കെ രാവിലെ ബസ് കയറാൻ കൂട്ടമായി കിലോമീറ്ററുകളോളം നടന്നു വേണം മണക്കാല എത്താൻ. ഈ വിഷയത്തിൽ പൗരസമിതി നൽകിയ നിവേദനത്തിൽ വേണ്ട നടപടികൾ സ്വീകരിക്കാൻ ഗതാഗത മന്ത്രി തന്നെ നിർദേശം നൽകിയിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ് അടൂർ ഡിപ്പോ അധികൃതർ.
........................
"അടൂരിലും മറ്റും ദിവസവേതനത്തിന് ജോലി ചെയ്താണ് ജീവിക്കുന്നത്. രാവിലെ ബസ് ഇല്ലാത്തതിനാൽ അടൂരിൽ വേഗത്തിൽ കഴിയുന്നില്ല. സമയത്തിന് എത്തിച്ചേരാൻ കഴിയാത്തത് ജോലിയെ ബാധിക്കുന്നുണ്ട്. ബസ് സർവീസ് പുനസ്ഥാപിക്കണം"
ചെല്ലമ്മ
(വല്യത്ത് ഏറത്ത് )
........................................
ഗതാഗത മന്ത്രിയെ നേരിൽ കണ്ടു പരാതി നൽകി. ഡിപ്പോ അധികൃതരോട് നിരവധി തവണ അഭ്യർത്ഥിച്ചു. ഇനിയും നടപടിയുണ്ടാകാത്ത പക്ഷം ജനകീയ പ്രക്ഷോഭം ആരംഭിക്കും
അനിൽ മണക്കാല
(പൗരസമിതി)