dd

പത്തനംതിട്ട : ഉൾനാടൻ ജലാശയങ്ങളിൽ ശാസ്ത്രീയമായ രീതിയിലൂടെ മത്സ്യോൽപാദനം വർദ്ധിപ്പിച്ച് ഫിഷറീസ് വകുപ്പ്. സാമൂഹിക മത്സ്യകൃഷി, റിസർവോയർ ഫിഷറീസ് പദ്ധതികളിലൂടെ ജില്ലയിലെ മത്സ്യോൽപാദനം 2882 മെട്രിക് ടണ്ണിൽ നിന്ന് 3636 മെട്രിക് ടണ്ണായി വർദ്ധിപ്പിച്ചു. മലിനീകരണത്തിന് പുറമെ അശാസ്ത്രീയവും അനിയന്ത്രിതവുമായ മത്സ്യബന്ധന രീതിയിലൂടെ മത്സ്യസമ്പത്തിലുണ്ടായ ഗണ്യമായ കുറവ് പരിഹരിക്കുന്നതിനാണ് വകുപ്പ് പദ്ധതി നടപ്പാക്കിയത്. ഇതിലൂടെ ഉൾനാടൻ ജലാശയങ്ങളിൽ കട്‌ല, റോഹു, മൃഗാൾ, സൈപ്രിനസ്, നാടൻ മത്സ്യങ്ങളായ കല്ലേമുട്ടി, മഞ്ഞക്കൂരി, കാരി, വരാൽ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്.
പോഷകാഹാരം, തൊഴിൽ, സാമൂഹിക ക്ഷേമം എന്നിവ ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയിലൂടെ മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം ഉയർത്തി തൊഴിൽ സൃഷ്ടിക്കാൻ വകുപ്പിനായി.
ഫിഷറീസ് വകുപ്പും ജില്ലാ പഞ്ചായത്തും സംയുക്തമായി പൊതുജലാശയങ്ങളിൽ നടപ്പാക്കുന്ന തനത് മത്സ്യവിത്ത് നിക്ഷേപം ജില്ലയിലെ ആറൻമുള സത്രക്കടവിലും കുറ്റൂർ തോണ്ടറക്കടവിലും സജീവമാണ്. ഉൾനാടൻ മത്സ്യസംരക്ഷണ പദ്ധതിയുടെ ഭാഗമായി ജൈവവൈവിദ്ധ്യ പരിപാലന സമിതിയുടെ സഹകരണത്തോടെ തനത് ഉൾനാടൻ മത്സ്യ സംരക്ഷണ പദ്ധതിയും നടപ്പാക്കുന്നു.

1,00,00,000 കോടി മത്സ്യക്കുഞ്ഞുങ്ങൾ

റിസർവോയർ പദ്ധതിയിലൂടെ പമ്പ, മണിയാർ റിസർവോയറിൽ 12.5 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയും റാന്നി ഉപാസനക്കടവ്, പുറമറ്റം കോമളം കടവ്, കോന്നി മുരിങ്ങമംഗലം കടവ്, ആറൻമുള സത്രക്കടവ്, മല്ലപ്പള്ളി തിരുമാലിട ക്ഷേത്ര കടവ് എന്നിവിടങ്ങളിലായി ഒരു കോടി കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളെയുമാണ് നിക്ഷേപിച്ചത്.