പന്തളം: കള്ളനോട്ടുകേസിൽ നിരപരാധിയായ വൃദ്ധനെ പൊലീസ് 32 ദിവസം ജയിലിൽ അടച്ചെന്ന് പരാതി. പന്തളം മങ്ങാരം നെടിയ മണ്ണിൽ വീട്ടിൽ സൈനുദീൻ റാവുത്തറെ(71) 2016ൽ പന്തളം എസ്‌.ഐ ആയിരുന്ന സനൂജ് അകാരണമായി അറസ്റ്റുചെയ്തു ജയിലിൽ അടച്ചെന്നാണ് പരാതി. മുഖ്യമന്ത്രി, ഡി.ജി.പി, ജില്ലാകളക്ടർ തുടങ്ങിയവർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല.
സൈനുദീന്റെ ടാക്സി കാർ അയൽവാസി നെല്ലുപറമ്പിൽ തെക്കേതിൽ രാജന് തിരുവനന്തപുരം ഏയർപോർട്ടിൽ പോകാനായി കൊടുത്തിരുന്നു . അടുത്ത ദിവസം രാത്രി രാജൻ കാറിന്റെ കൂലിയായി 500ന്റെ മൂന്ന് നോട്ടുകൾ നൽകി. അടുത്ത ദിവസം ഈ പണവുമായി കെ.എസ്.ഇ.ബി ഓഫീസിൽ വൈദ്യുതി ബിൽ അടയ്ക്കാനെത്തിയപ്പോഴാണ് കള്ളനോട്ടാണെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ പണം നിരസിച്ചത്. തുടർന്ന് എസ്‌.ഐയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തെറ്റുകാരനല്ലെന്ന് പറഞ്ഞിട്ടും ഫലമുണ്ടായില്ല. സൈനുദീനെയും രാജനെയും ഒന്നും രണ്ടും പ്രതികളാക്കി കേസെടുത്ത് റിമാൻഡ് ചെയ്തു.
കോടതി നിർദ്ദേശപ്രകാരം നോട്ടുകൾ പരിശോധിച്ചതിന്റെ ഫലം ലഭിച്ചപ്പോഴാണ് ഇത് യഥാർത്ഥ നോട്ടുകളാണെന്ന് വ്യക്തമായത്. എസ്.ഐക്കെതിരെ നടപടി സ്വീകരിച്ചില്ലെന്നും കസ്റ്റഡിയിൽ വാങ്ങിയ ഫോൺ തിരികെ തന്നില്ലെന്നും സൈനുദീൻ പറഞ്ഞു