99
കല്ലിശ്ശേരി -കുത്തിയതോട് റോഡിൽ ഗതാഗതക്കുരുക്ക്

ചെങ്ങന്നൂർ: കല്ലിശേരി - കുത്തിയതോട് റോഡിൽ ഗതാഗതക്കുരുക്ക് കാരണം ജനം വലഞ്ഞു.കല്ലിശേരി മുതൽ ആശുപത്രിയുടെ സമീപം പ്രയാർ മേടപ്പടി റോഡിലും, അമ്പീരേത്ത്‌ മുക്ക്, തിക്കേക്കാട് ഭാഗത്തും രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. റോഡിന്റെ ഇരുവശവും വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുകയാണ്. വാഹനങ്ങൾക്ക് സുഗമമായി കടന്നു പോകുവാൻ ഇടമില്ലാതെ പൊതുജനങ്ങളുടെ യാത്രാ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തിയാണ് ഇവിടെ റോഡരികിൽ അലക്ഷ്യമായി പാർക്ക് ചെയ്തിരിക്കുന്നത്. സ്ഥലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തുന്ന വാഹനങ്ങളാണ് റോഡരിക് കൈയേറി വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നതെന്ന ആക്ഷേപമുണ്ട്. ഇതു വഴി കടന്നുപോകുന്ന ഇരുചക്ര വാഹന യാത്രക്കാരടക്കം വളരെയേറെ വീർപ്പുമുട്ടിയാണ് പോകുന്നത്, അനധികൃത പാർക്കിംഗ് കാരണം കഴിഞ്ഞ ദിവസം സ്കൂൾ ബസ് അടക്കം മണിക്കൂറുകളാണ് കുരുക്കിൽപ്പെട്ടത്. അടിയന്തര ഘട്ടത്തിൽ ആംബുലൻസിനു പോലും കടന്നു പോകുവാൻ പറ്റാത്ത രീതിയിലാണ് പാർക്കിംഗ്. പോരാത്തതിന് പൈപ്പ് ലൈൻ സ്ഥാപിക്കാൻ വേണ്ടി നിർമ്മിച്ച കുഴി മൂടാത്തതും വാഹനങ്ങൾക്ക് കടന്നു പോകുവാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. അധികൃതർ ഇടപെട്ട് അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.

...................................

ഗതാഗതക്കുരുക്ക് പരിഹരിക്കാൻ അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും എടുക്കുന്നില്ല. അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണം.

സജി തിരുവൻവണ്ടൂർ

(പ്രദേശവാസി)