cccf
ഏനാത്ത് നഗരത്തിലെ റോഡിന്റെ അവസ്ഥ

ഏനാത്ത് : 2025 ലെ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലും ഏനാത്ത് പ്രത്യേക ഗ്രാമപഞ്ചായത്തായി രൂപീകരിക്കപ്പെടില്ലെന്നു ഉറപ്പായതോടെ നിരാശയിലാണ് ഏനാത്ത് നിവാസികൾ. ഇളംഗമംഗലം, കൈതപറമ്പ്, കടിക, കിഴക്ക് പുറം, കളമല, ഏനാത്ത് ടൗൺ, ഏനാത്ത് പടിഞ്ഞാറ്റെക്കര തുടങ്ങിയ പ്രദേശങ്ങളുൾപ്പെട്ട വാർഡുകളാണ് നിലവിലുള്ള ഏഴംകുളം ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ നിന്നും ഏനാത്ത് മേഖലയായി പൊതുവെ കണക്കാക്കുന്നതും ഗ്രാമപഞ്ചായത്ത് രൂപീകരണത്തിനായി പരിഗണിക്കപ്പെടുകയും ചെയ്തിരുന്നത്. പ്രത്യേക ഗ്രാമപഞ്ചായത്തായി മാറാത്തതിനാൽ വലിയ വികസന മുരടിപ്പാണ് ഏനാത്ത് നഗരത്തിലും നഗരത്തോട് ചേർന്നുള്ള വിവിധ വാർഡുകളിലും നില നിൽക്കുന്നത്. പഞ്ചായത്തിലെ പ്രധാന നഗരമായിട്ടും പതിറ്റാണ്ടുകളായി ഗ്രാമപഞ്ചായത്തിൽ നിന്നും തികഞ്ഞ അവഗണയാണ് ഏനാത്ത് നഗരം നേരിടുന്നത്. മാലിന്യം കൊണ്ട് ദുർഗന്ധം വമിക്കുന്ന നിലയിലാണ് ഏനാത്ത് ടൗണിന്റെ അവസ്ഥ. പഞ്ചായത്ത്‌ കെടുകാര്യസ്ഥതയുടെ നേർകാഴ്ചയായി ഏനാത്ത് പബ്ലിക്ക് മാർക്കറ്റ് മാറി. ഒരു കാലത്ത് ജില്ലാ അതിർത്തിയിലെ പ്രധാന വിപണിയായ ഈ മാർക്കറ്റ് ഇന്ന് വ്യാപാരമില്ലാതെ പൂർണമായും നശിച്ചു. ഇളംഗമംഗലം, കൈതപറമ്പ്, കടിക വാർഡുകളിലെ മിക്ക റോഡുകളും തകർന്നു തരിപ്പണമായി കിടക്കുകയാണ്. എം.സി റോഡ് നഗരത്തിലൂടെ കടന്നു പോകുന്നുണ്ടെങ്കിലും നഗരമദ്ധ്യത്തിലൂടെ കടന്നു പോകാത്തതിനാൽ സംസ്ഥാന പാതയുടെ പ്രയോജനം ഏനാത്തിനു ലഭിക്കുന്നില്ല. പഴയ പാലം നിലനിന്നിരുന്ന ഭാഗത്തു കൂടി സമാന്തരപാലം നിർമ്മിക്കണമെന്ന് ഏനാത്തെ വ്യാപാരികളും നാട്ടുകാരും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കുൾപ്പെടെ നിവേദനം നൽകിയിട്ടും ഇതുവരെ നടപടിയായിട്ടില്ല. ഏനാത്ത് പ്രദേശത്ത് ആരോഗ്യ വിദ്യാഭ്യാസ അടിസ്ഥാന സൗകര്യ രംഗത്ത് വലിയ വികസന മുരടിപ്പ് തുടരുകയാണ്.

കൈവിട്ട് നാടിന്റെ പ്രതീക്ഷ..?​

ഏനാത്ത് ഗ്രാമപഞ്ചായത്ത്‌ യാഥാർത്ഥ്യമായാൽ പ്രദേശത്തിന്റെ വികസനത്തിന്‌ മുതൽക്കൂട്ടാകും എന്നാണ് നാടിന്റെ പ്രതീക്ഷ. നിലവിൽ വില്ലേജ് ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ് ഉൾപ്പെടെയുള്ള ഗവ.ഓഫീസുകളും പൊലീസ് സ്റ്റേഷനുമൊക്കെ ഏനാത്ത് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നുണ്ട്. പഞ്ചായത്ത്‌ രൂപീകരിക്കപ്പെടുകയും ഭരണസിര കേന്ദ്രമായി ഏനാത്ത് മാറുകയും ചെയ്താൽ സമൂലമാറ്റമുറപ്പാണ്. പക്ഷേ പഞ്ചായത്ത് രൂപീകരണം വീണ്ടും പഴങ്കഥയായി മാറുമ്പോൾ ജനങ്ങളുടെ വികസന സ്വപ്നങ്ങളും അസ്തമിച്ചിരിക്കുകയാണ്.