വെച്ചൂച്ചിറ: കരിങ്കൽക്കൂനകൾ ഗതാഗത തടസം സൃഷ്ടിക്കുന്നതായി പരാതി. പരുവ നവോദയ റോഡിലാണ് വലിയ വാഹനങ്ങൾക്ക് സൈഡ്‌കൊടുക്കാൻ പ്രയാസം സൃഷ്ടിക്കുന്ന തരത്തിൽ കരിങ്കൽക്കൂനകൾ ഇട്ടിരിക്കുന്നത്. മതിൽ കെട്ടുന്നതിനും, വീട് പണിക്കും മറ്റുമായി ഇറക്കിയ കരിങ്കൽക്കൂനകളാണ് ഇത്. പരുവ മഹാദേവ ക്ഷേത്രത്തിന്റെ സമീപമായി മാസങ്ങളായി കരിങ്കൽക്കൂനകളുണ്ട്. ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് ഈ പാതയിലൂടെ കടന്നുപോകുന്നത്. പത്തനംതിട്ടയിൽനിന്ന് മുക്കൂട്ടുതറ മേഖലയിലേക്ക് വേഗത്തിൽ എത്താൻ ഉപകരിക്കുന്ന പാതകൂടിയാണിത്. ഉടമകൾ എത്രയും വേഗം യാത്രാതടസം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.