കാരയ്ക്കാട് : പിന്നാക്ക വിഭാഗത്തിൽപ്പെട്ട യാദവനായ ശ്രീകൃഷ്ണനെ പൂണൂലണിയിച്ച് ബ്രാഹ്മണർ മാത്രം പൂജിച്ചാൽ മതിയെന്ന തിട്ടൂരത്തെ കാലാകാലങ്ങളായി എൽ.ഡി.എഫും യു.ഡി.എഫും പിന്തുണയ്ക്കുകയാണെന്ന് ശിവഗിരി ധർമ്മസേവാ സംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിതാനന്ദസ്വാമി പറഞ്ഞു. പാറയ്ക്കൽ ശ്രീനാരായണ ഗുരുദേവ തീർത്ഥാടന കേന്ദ്രത്തിലെ മൂന്നാമത് തീർത്ഥാടനത്തിന്റെയും ഗുരുദേവൻ പാറയ്ക്കൽ സന്ദർശിച്ചതിന്റെ 111-ാമത് വാർഷികത്തിന്റെയും ഭാഗമായി മഹാധ്യാനത്തോടനുബന്ധിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ ഗുരുവും ഗുരുവിന്റെ പ്രസ്ഥാനവും മനുഷ്യനെ ഒന്നായി കാണാനാണ് പഠിപ്പിക്കുന്നത്. ഈഴവകുലത്തിലാണ് ഗുരുദേവന്റെ ജനനമെങ്കിലും അദ്ദേഹം ലോകത്തിന്റെ പൊതുസ്വത്താണ്. മറിച്ചുള്ള ചിലരുടെ വാദങ്ങൾ ബാലിശമാണെന്നും സ്വാമി പറഞ്ഞു.
ഇന്ന് രാവിലെ ഏഴിന് പറയരുകാല ദേവീക്ഷേത്രത്തിൽ നിന്ന് തീർത്ഥാടന ഘോഷയാത്ര ആരംഭിക്കും. ദേവസ്വം പ്രസിഡന്റ് സുജിത്ത് ഭദ്രദീപം തെളിക്കും. എട്ടിന് മഹാശാന്തിഹവനം, 9.30ന് സമൂഹപ്രാർത്ഥന, 10ന് ശ്രീനാരായണ ദിവ്യജ്യോതിസ് ദർശനം. 10.30ന് ആരംഭിക്കുന്ന തീർത്ഥാടന സമ്മേളനം ശിവഗിരിമഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യും. ശിവഗിരിമഠം സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി അദ്ധ്യക്ഷത വഹിക്കും. ഗുരുധർമ്മ പ്രചാരണസഭ രജിസ്ട്രാർ കെ.ടി.സുകുമാരൻ, മാതൃവേദി പ്രസിഡന്റ് ഡോ.അനിതാ ശങ്കർ, സെക്രട്ടറി ശ്രീജ.ജി.ആർ, യുവജനവേദി ചെയർമാൻ രാജേഷ് സഹദേവൻ എന്നിവർ പ്രസംഗിക്കും. എസ്.എൻ.ഡി.എസ് ട്രസ്റ്റ് പ്രസിഡന്റ് കെ.എൻ.ഭദ്രൻ സ്വാഗതവും തീർത്ഥാടന കമ്മിറ്റി ചെയർമാൻ അഡ്വ.പി.എൻ.വേണുഗോപാൽ നന്ദിയും പറയും. വൈകിട്ട് 4.45ന് തീർത്ഥാടനത്തിന്റെ ഭാഗമായി പാറയ്ക്കലിൽ പദയാത്രികർക്ക് സ്വീകരണവും ആദരവും നൽകും. 5.30ന് പുണ്യതീർത്ഥം ആൽബം പ്രകാശനം, അവലോകനം എന്നിവ നടക്കും. മഹാധ്യാനത്തിന്റെ സമാപന ദിനമായ 19ന് ഉച്ചയ്ക്ക് 12ന് മഹാസർവൈശ്വര്യപൂജ. വൈകിട്ട് അഞ്ചിന് മംഗളാരതിയോടെ മഹാധ്യാനം സമാപിക്കും.
20ന് രാവിലെ 10ന് സംഘടനാസമ്മേളനം ചലച്ചിത്രതാരം ദേവൻ ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പിയോഗം ചെങ്ങന്നൂർ യൂണിയൻ അഡ്.കമ്മിറ്റി അംഗം പി.ഡി.ഷാജി അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് മൂന്നിന് കഥാപ്രസംഗം. അഞ്ചിന് ശ്രീനാരായണ ഗുരുദേവ, മഹാത്മാഗാന്ധി സമാഗമ ശതാബ്ദി സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എം.പി അദ്ധ്യക്ഷതവഹിക്കും. ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ സുരേഷ് പരമേശ്വരൻ അദ്ധ്യക്ഷതവഹിക്കും. യൂണിയൻ അഡ്.കമ്മിറ്റി അംഗം രാജേഷ് സദാനന്ദൻ, രാധാകൃഷ്ണൻ പുല്ലാമഠത്തിൽ, കെ.ദേവദാസ്, ഇന്ദ്രജിത്ത്.ടി.കെ എന്നിവർ പ്രസംഗിക്കും. എസ്.എൻ.ഡി.എസ് ട്രസ്റ്റ് പ്രസിഡന്റ് കെ.എൻ.ഭദ്രൻ സ്വാഗതവും സെക്രട്ടറി പി.എൻ.വിജയൻ നന്ദിയും പറയും. 21ന് രാവിലെ 8ന് സമൂഹപ്രാർത്ഥന, വൈകിട്ട് 4ന് ശാന്തിയാത്ര, 7ന് ദീപാരാധന, പ്രസാദ വിതരണം എന്നിവ നടക്കും.