road-
റോഡരുകിൽ ചാക്കിൽ കെട്ടി മാലിന്യം തള്ളിയ അവസ്ഥയിൽ

റാന്നി: ജനവാസ മേഖലയിലെ റോഡരുകിൽ ചാക്കിൽ കെട്ടി മാലിന്യം തള്ളുന്നതായി പരാതി. മുക്കട- ഇടമൺ അത്തിക്കയം ,ശബരിമല പാതയുടെ ഇടമുറി ചെല്ലപ്പൻഗേറ്റിന് സമീപമാണ് മാലിന്യം തള്ളൽ രൂക്ഷമായിരിക്കുന്നത്. മുൻപ് റബർബോർഡിന്റെ പരീക്ഷണ തോട്ടത്തിലേക്ക് വാഹനത്തിൽ എത്തി വലിച്ചെറിഞ്ഞിരുന്ന മാലിന്യം ഇപ്പോൾ റോഡുകളിലാണ് തള്ളുന്നത്. റോഡിൽ തള്ളുന്ന മാലിന്യം വാഹനങ്ങൾ കയറി ഇറങ്ങി പരിസരത്തെല്ലാം ചിതറി തെറിക്കുകയാണ്. തെരുവു നായ്കൾ കടിച്ചിടുന്നതായും പരാതിയുണ്ട്.ചിതറി തെറിച്ചു കിടക്കുന്ന മാലിന്യത്തിൽ ചവിട്ടി വേണം കാൽനട യാത്രക്കാർക്ക് സഞ്ചരിക്കാൻ. പ്രദേശത്ത് ദുർഗന്ധവും വ്യാപകമാണ്. വിവിധ തരത്തിലുള്ള സാംക്രമിക രോഗങ്ങൾ പടരുമോ എന്ന ആശങ്ക ജനങ്ങളിലുണ്ട്. വീടുകളിലെ മാലിന്യത്തിനൊപ്പം കുട്ടികളുടെ പാമ്പർ അടക്കമുള്ളവയും ഇവിടെ ചിതറി കിടക്കുന്ന കൂട്ടത്തിലുണ്ട്. ചെറുവാഹനങ്ങളിലെത്തുന്ന സംഘം രാത്രിയും പകലും ഇവിടെ മാലിന്യം വലിച്ചെറിയുകയാണ്. ഇത്തരത്തിൽ മാലിന്യം തള്ളുന്നതിനെതിരെ നടപടി എടുക്കാൻ പഞ്ചായത്ത് അധികൃതർ തയാറാകണമെന്ന ആവശ്യത്തിന് നാളുകളുടെ പഴക്കമുണ്ട്.