77
കലണ്ടറിൻ്റെ കൈവശം- ദിവസങ്ങളുടെ അത്ഭുത ലോകത്ത് സിദ്ധാർത്ഥ്

ചെങ്ങന്നൂർ: കണക്ക് കൂട്ടലുകളിലെ ചിന്താശക്തിയുടെ വേറിട്ട മുഖമായി മാറുകയാണ് സിദ്ധാർത്ഥ ആർ.പിള്ള എന്ന 14 കാരൻ. 2010ന് ശേഷമുള്ള വർഷങ്ങളിലെ തീയതി ചോദിച്ചാൽ നിമിഷങ്ങൾക്കുള്ളിൽ ഏത് ദിവസമാണെന്ന് മറുപടി ഈ കൊച്ചു മിടുക്കനിൽ നിന്ന് ലഭിക്കും. പാണ്ടനാട് നോർത്ത് തൈലത്തിൽ രതീഷ് വി.പിള്ളയുടെയും ലക്ഷ്മി നായരുടെയും മൂത്ത മകനാണ് സിദ്ധാർത്ഥ്. പാണ്ടനാട് സ്വാമി വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. നാലാം വയസുമുതലാണ് സിദ്ധാർത്ഥിന്റെ ഈ കഴിവ് മാതാവ് മനസിലാക്കിയത് . മുൻപ് നടന്ന സംഭവങ്ങളുടെ തീയതി എതു ദിവസമാണെന്ന തിരിച്ചറിവ് വളരെ ചെറുപ്പത്തിൽ കണ്ടിരുന്നതായി മാതാവ് ലക്ഷ്മി പറഞ്ഞു. ഇപ്പോൾ 2010 മുതൽ 2030 വർഷങ്ങൾ വരെയുള്ള തീയതി ചോദിച്ചാൽ നിമിഷ നേരം കൊണ്ട് എത് ദിവസമാണെന്നുള്ള മറുപടി ഈ കൊച്ചു മിടുക്കനിൽ നിന്ന് ലഭിക്കും . ഏങ്ങനെയാണ് ഈ സിദ്ധി കൈവരിച്ചത് എന്നു ചോദിച്ചാൽ കൂട്ടലും കിഴിക്കലും എന്നാണ് സിദ്ധാർത്ഥിന്റെ മറുപടി. കലണ്ടറിലെ ദിവസങ്ങൾ നിമിഷങ്ങൾക്കപ്പുറം പറയുക മാത്രമല്ല , ഗൂഗിൾ മാപ്പ് നോക്കി പോകണ്ട സ്ഥലങ്ങളെ കുറിച്ച് മനസിലാക്കുകയും പിന്നീട് മാപ്പിന്റെ സഹായമില്ലാതെ 'ദിശാബോധവും കണ്ടെത്തുവാനുള്ള കഴിവ് ഈ മിടുക്കനുണ്ട് .വിമാനങ്ങളിൽ ഉപയോഗിക്കുന്ന റഡാർ മാപ്പിനെ കുറിച്ചും ബോദ്ധ്യമുണ്ട് സിദ്ധാർത്ഥിന്. റഡാർ മാപ്പിനെ കുറിച്ച് മനസ്സിലാക്കി എത് ദിശയിലൂടെയാണ് വിമാനങ്ങൾ പോകുന്നതെന്നും അറിയുവാനുള്ള കഴിവ് സിദ്ധാർത്ഥ് നേടിയെടുത്തിട്ടുണ്ട്. ഒരു ട്രാവൽ വ്ലോഗർ അകണമെന്നാണ് സിദ്ധാർത്ഥിന്റെ ആഗ്രഹം. സിദ്ധാർത്ഥിന്റെ കഴിവുകളെ കുറിച്ച് അറിവുള്ള സ്കൂളിലെ പ്രഥമ അദ്ധ്യാപിക കൂടിയായ സ്മിത എസ്. കുറുപ്പാണ് പ്രോത്സാഹനവുമായി രംഗത്തെത്തിയത്. കലണ്ടറിലെ ദിവസങ്ങൾ മാത്രമല്ല , വിശേഷ ദിവസങ്ങളും മറ്റും ഓർത്തിരിക്കുവാനുള്ള കഴിവ് ഇവനിൽ ഉണ്ടെന്ന് അദ്ധ്യാപിക പറഞ്ഞു. ''തീയതികളിലെ ദിവസങ്ങളെ കുറിച്ച് ആര് തെറ്റു പറഞ്ഞാലും അത് തിരുത്തുവാൻ സിദ്ധാർത്ഥ് മടി കാട്ടാറില്ല.ഓമനയമ്മ എന്ന സിദ്ധാർത്ഥിന്റെ മുത്തശി ഈ സ്കൂളിലെ പൂർവ അദ്ധ്യാപിക കൂടിയായിരുന്നു.