പ്രമാടം : ഗ്രാമപഞ്ചായത്തിലെ ളാക്കൂർ, നെടുമ്പാറ പ്രദേശങ്ങളിൽ ജല അതോറിറ്റിയുടെ കുടിവെള്ളം മുടങ്ങിയിട്ട് രണ്ടാഴ്ച. ഐരേത്തുവിള, കുളനടക്കുഴി, പുത്തേത്ത് ഭാഗം, ഈട്ടിക്കാല സങ്കേതം, പ്ളാക്കൽ, തുടങ്ങി പഞ്ചായത്തിലെ വിവിധ ഭാഗങ്ങൾ ഉൾപ്പെടുന്ന പ്രദേശമാണിത്. പ്രദേശത്ത് ശുദ്ധജലക്ഷാമം രൂക്ഷമായിട്ടും ഇത് പരിഹാരിക്കാൻ അധികൃതർ തയാറാക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പ്രമാടം ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായ പ്ളാക്കൽ പമ്പ് ഹൗസിൽ നിന്നും വെള്ളം പമ്പ് ചെയ്ത് ഐരേത്തുവിള ടാങ്കിൽ എത്തിച്ചാണ് വെള്ളം വിതരണം ചെയ്യുന്നത്. എന്നാൽ ടാങ്കിൽ എത്താത്തതാണ് പ്രതിസന്ധിക്ക് കാരണം. പ്രദേശത്തെ ഭൂരിഭാഗം കുടുംബങ്ങളും ജല അതോറിറ്റിയുടെ കുടിവെള്ളത്തെ ആശ്രയിച്ചാണ് കഴിയുന്നത്.
വർഷത്തിലെ ഭൂരിഭാഗം മാസങ്ങളിലും ശുദ്ധജല ക്ഷാമം നേരിടുന്ന പ്രദേശമാണിത്. ഉയർന്ന പ്രദേശമായതിനാൽ മിക്ക വീടുകളിലും കിണറുകളില്ല. പ്രമാടത്തിന്റെ ദാഹം അകറ്റാൻ 102 കോടി രൂപയുടെ സമഗ്ര കുടിവെള്ള പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും ഇത് നടപ്പായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് നെടുംപാറയിൽ പുതിയ വാട്ടർ ടാങ്ക് സ്ഥാപിക്കാൻ പദ്ധതി തയാറാക്കിയിട്ടുണ്ട്. അതുവരെ നിലവിലെ ടാങ്കിനെ ആശ്രയിക്കണം.
വാൽവ് ഓപ്പറേറ്റർർമാരുടെ അനാസ്ഥയെന്ന് ആരോപണം
വാൽവ് ഓപ്പറേറ്റർർമാരുടെ അനാസ്ഥയാണ് കുടിവെള്ളം മുടങ്ങാൻ കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പരാതി പറഞ്ഞിട്ടും തകരാർ പരിശോധിക്കാൻ പോലും ഇവർ തയാറായിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങിൽ ശുദ്ധജല വിതരണം താറുമാറായിട്ടുണ്ട്.
...........................................
102 കോടി രൂപയുടെ പദ്ധതി നടപ്പായില്ല