തിരുവല്ല : കവിയൂരിൽ വില്ലേജ് ഓഫീസർ ഇല്ലാത്തത് ജനങ്ങളെ വലയ്ക്കുന്നു. ഒരു മാസത്തിലേറെയായി വില്ലേജ് ഓഫീസർ ഇല്ലാത്തതിനാൽ കവിയൂർ വില്ലേജ് ഓഫീസിന്റെ പ്രവർത്തനങ്ങൾ ആകെ മന്ദഗതിയിലാണ്. ത്രിതല പഞ്ചായത്തുകളിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കാനുള്ള രേഖകൾക്കും മറ്റുമായി എത്തുന്ന നിരവധി ജനങ്ങളാണ് വില്ലേജ് ഓഫീസർ ഇല്ലാത്തതിനാൽ വലയുന്നത്. വിദ്യാർത്ഥികൾക്കും മറ്റും ആനുകൂല്യങ്ങൾ ലഭിക്കാൻ കമ്മ്യൂണിറ്റി, വരുമാനം എന്നീ സർട്ടിഫിക്കറ്റുകളും കിട്ടാൻ കാലതാമസം നേരിടുകയാണ്. ഇവിടെയുണ്ടായിരുന്ന വില്ലേജ് ഓഫീസർ സ്ഥലം മാറിപോയതോടെ മറ്റൊരാളെ നിയമിച്ചെങ്കിലും അദ്ദേഹം ചികിത്സാ സംബന്ധമായ അവധിയിലാണ്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തെത്തിയതോടെ വിജ്ഞാപനം വരുംമുമ്പ് ഗ്രാമസഭയിൽ വ്യക്തിഗത ആനുകൂല്യങ്ങൾ നൽകാൻ തിരഞ്ഞെടുത്തവർക്ക് രേഖകൾ ഹാജരാക്കാത്തതിനാൽ സഹായം നൽകാൻ കഴിയാത്ത സാഹചര്യവും നിലനിൽക്കുന്നു. സ്ഥലം ഇടപാടുകളുമായി ബന്ധപ്പെട്ട സേവനങ്ങൾ, ആശ്രിത സർട്ടിഫിക്കറ്റ്, ലൈഫ് സർട്ടിഫിക്കറ്റ് തുടങ്ങി മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ട വില്ലേജ് ഓഫീസിലെ സേവനങ്ങളും കിട്ടാതെ ജനങ്ങൾ വലയുകയാണ്.
കുറ്റപ്പുഴ വില്ലേജ് ഓഫീസർക്ക് ഇൻ ചാർജ് നൽകിയിട്ടുണ്ടെങ്കിലും ഇവിടെ വരുന്നത് അപൂർവമാണെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ താലൂക്ക് സഭയിൽ പഞ്ചായത്ത് പ്രസിഡന്റ് എം.ഡി ദിനേശ് കുമാർ വില്ലേജ് ഓഫിസർ ഇല്ലാത്തത് സംബന്ധിച്ച്‌ വിഷയം ഉന്നയിച്ചപ്പോൾ ഉടനെ നിയമിക്കാൻ നടപടിയെടുക്കുമെന്ന് അറിയിച്ചെങ്കിലും ഫലമുണ്ടായില്ല.

.......................

കവിയൂർ വില്ലേജ് ഓഫീസർ ഇല്ലാത്തത് സംബന്ധിച്ച വിവരം വീണ്ടും ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തും
(തഹസിൽദാർ)