ചെങ്ങന്നൂർ: ആഗോള അയ്യപ്പ സംഗമത്തിൽ ക്ഷണിക്കാത്തതിനെതിരെ അയ്യപ്പ സേവാസംഘം പ്രതിഷേധമറിയിച്ചു. ബോർഡുമായി സഹകരിച്ച് പോകുന്ന അയ്യപ്പ സേവാ സംഘത്തെ പോലും അയ്യപ്പ സംഗമത്തിൽ വിളിക്കാൻ ദേവസ്വം ബോർഡ് തയ്യാറായില്ല എന്നത് വളരെ ദുഖകരമായ കാര്യമാണെന്ന് സംഘം ജനറൽ സെക്രട്ടറി അഡ്വ.ഡി.വിജയകുമാർ പറഞ്ഞു.തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉണ്ടാകും മുൻപ് ഉണ്ടായതാണ് അഖില ഭാരത അയ്യപ്പ സേവാ സംഘം. 1945ൽ പമ്പാ മണപ്പുറത്താണ് അഖില ഭാരത അയ്യപ്പ സേവാ സംഘം രൂപം കൊണ്ടത്.അയ്യപ്പ ഭക്തരെ സഹായിക്കുന്നതിനായി രൂപീകരിച്ചതാണ് അയ്യപ്പ സേവാ സംഘം. അയ്യപ്പ സേവാ സമാജം ,ഭൂതനാഥ സമാജം മാതാ അമൃതാനന്ദമയി മഠം , സുബ്രമണ്യ റിലീജിയസ് ട്രസ്റ്റ് തുടങ്ങി അഞ്ചോളം സംഘടനകൾ ശബരിമലയിൽ പ്രവർത്തിച്ചിരുന്നെന്നും ഇവരുടെയല്ലാം പ്രവർത്തനം നിരോധിച്ചെന്നും അദ്ദേഹം പറഞ്ഞു.