അടൂർ: നെല്ലിമുകൾ -കുണ്ടോവെട്ടത്ത് മലനട -കരിമ്പാറ റോഡിൽ ജനങ്ങൾ നേരിടുന്ന യാത്ര ദുരിതത്തിന് ശമനമില്ല . കടമ്പനാട് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലൂടെയാണ് ഈ റോഡ് കടന്നു പോകുന്നത്. നെല്ലിമുകൾ പ്രധാന ജംഗ്‌ഷനിൽ നിന്നും തെങ്ങമത്തേയ്ക്ക് തിരയുന്ന വഴിയിൽ പാലത്തിനു മുൻപായി ഇടതു ഭാഗത്തേക്കാണ് ഈ റോഡ് തിരിഞ്ഞു പോകുന്നത്. കള്ളുഷാപ്പ് കഴിഞ്ഞാലുള്ള ആദ്യ വളവിൽ വാട്ടർ അതോറിറ്റി എടുത്ത കുഴിയിലൂടെ പൈപ്പ് പൊട്ടി ലിറ്റർ കണക്കിന് വെള്ളമാണ് റോഡിലൂടെ ഒഴുകുന്നത്. നിരവധി തവണ വാട്ടർ അതോറിറ്റി അധികൃതരെ അറിയിച്ചെങ്കിലും സ്ഥിതി തുടരുകയാണ് . ഈ കുഴിക്ക് സമീപത്തു ചെടികളുടെ ഇല നാട്ടിവച്ച് അപായസൂചന കാണിച്ചുണ്ടെങ്കിലും പലരും ശ്രദ്ധിക്കാതെ കുഴിയിൽ ചാടുന്നതും പതിവാണ്. റോഡിലെ ടാറ് മുഴുവൻ പൊട്ടിപ്പൊളിഞ്ഞു പലയിടങ്ങളിലും കുണ്ടും കുഴിയുമാണ്. പ്രദേശവാസികൾ റോഡ് നവീകരിക്കണമെന്നു ആവശ്യമുന്നയിച്ചെങ്കിലും അധികൃതർ ഈ പ്രദേശത്തെ യാത്ര ദുരിതത്തിന് യാതൊരു പരിഹാരവും കാണാൻ ശ്രമിക്കാറില്ലെന്ന ആക്ഷേപം ശക്തമാണ്. ബ്ലോക്ക് പഞ്ചായത്ത് പദ്ധതിക്ക് കീഴിലാണ് റോഡ് നിർമ്മാണം ആദ്യം നടന്നതെന്നാണ് ലഭ്യമായ വിവരം. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ റോഡിനോടുള്ള അധികൃതരുടെ അവഗണന വീണ്ടും ചർച്ചയാകുകയാണ്. നെല്ലിമുകളിലെ ഗ്രാമീണ റോഡുകളിലൊന്നായ ഈ റോഡിലൂടെയുള്ള വാഹനയാത്ര ഇപ്പോൾ അതികഠിനമാണ്. അധികൃതർ ഇടപെട്ട് അടിയന്തരമായി റോ‌ഡ് സഞ്ചാര യോഗ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.