ഏഴംകുളം : ഏഴംകുളം ദേവീക്ഷേത്രത്തിനു സമീപത്തു പാലത്തിന്റെ അടുത്ത് നിന്നും ആരംഭിക്കുന്ന കനാൽ റോഡ് പൊട്ടിപ്പൊളിഞ്ഞു കുണ്ടും കുഴിയുമായിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി. പതിറ്റാണ്ടുകളായി തദ്ദേശ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ കനാൽ റോഡുകളുടെ വികസനം ചർച്ചയാകാറുണ്ടെങ്കിലും ഇത് വരെയും കനാൽ റോഡ് നവീകരണം എങ്ങുമെത്തിയിട്ടില്ല. നിയന്ത്രണം വിട്ട് വാഹനങ്ങൾ കനാലിൽ വീണ സംഭവും ഉണ്ടായിട്ടുണ്ട്. കനാലിലേക്ക് സംരക്ഷണ വേലികളോ ഭിത്തികളോ ഇല്ല. പാലംനിർമ്മാണം നടന്നപ്പോൾ സാമാന്തര പാതയായി സഞ്ചാരത്തിനു ഉപയോഗിച്ചതും ഈ പൊട്ടിപ്പൊളിഞ്ഞ റോഡാണ്. ഏഴംകുളം തെക്ക് പ്രദേശത്തേക്ക് ക്ഷേത്രഭാഗത്ത് നിന്നുള്ള പ്രധാന റോഡ് കൂടിയാണിത്. കെ.പി റോഡിൽ നിന്നും ഉടയാൻമുറ്റം നാഗരാജാ ക്ഷേത്രത്തിലേക്കും കെ.ഐ.പി കനാൽ ഷട്ടർ ഭാഗത്തേക്കും എത്തിച്ചേരുന്ന കനാൽ റോഡും തകർന്നിട്ട് നാളുകളായി. ഈ റോഡിൽ മഴ പെയ്താൽ വെള്ളക്കെട്ടും ഗതാഗത തടസവുമാണ്. ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങൾക്കും വലിയ ബുദ്ധിമുട്ടാണ് ഇത് മൂലം നേരിടുന്നത്. നിരവധി തവണ എം.എൽ.എ യുൾപ്പടെയുള്ള അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ കനാൽ റോഡ് വികസനം ചർച്ച വിഷയമായി വീണ്ടും മാറുകയാണ്.