പന്തളം : പന്തളത്ത് നിന്നും ദിവസേന പമ്പ വരെ സർവീസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസ് നിറുത്തലാക്കിയ തീരുമാനം പുന:പരിശോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തീർത്ഥാടന കാലം ആരംഭിക്കുമ്പോഴും നിരവധി ആളുകൾ ആശ്രയിക്കുന്ന ബസ് സർവീസാണിത്. മുൻപ് നഷ്ടത്തിൽ സർവീസ് നടത്തിയിരുന്ന സർവീസ് മന്ത്രി ജി.സുധാകരൻ ഇടപെട്ട് പന്തളത്ത് നിന്നാരംഭിച്ച് പമ്പയിൽ എത്തിയതിനു ശേഷം ബസ് അവിടെ നിന്നും തിരുവനന്തപുരത്തേക്കും പിന്നീട് കോട്ടയം കൊട്ടാരക്കര സർവീസായും പുന ക്രമീകരിച്ചിരുന്നു. ഈ ക്രമീകരണം തന്നെ നിലനിറുത്തി സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. പന്തളം ഉൾപ്പെട്ട പ്രദേശങ്ങളെ ശബരിമല തീർത്ഥാടന വികസന ഭൂപടത്തിൽ നിന്നും ഒഴിവാക്കുന്ന നടപടിയാണ് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന ആക്ഷേപം ശക്തമാണ്. ശബരിമല തീർത്ഥാടനത്തിലെ പ്രധാന കേന്ദ്രമായ പന്തളം ഉൾപ്പെടുത്തി കെ.എസ്.ആർ.ടി സിയുടെ സ്‌പെഷ്യൽ സർവീസുകൾ തീർത്ഥാടന കാലത്ത് ആരംഭിക്കണം. നിലവിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഉൾപ്പെടെ വരുന്ന അയ്യപ്പ ഭക്തർ ചെങ്ങന്നൂർ റയിൽവേ സ്റ്റേഷനിൽ ഇറങ്ങി നേരെ പമ്പയിലേക്കാണ് പോകുന്നത്. അങ്ങനെ എത്തുന്ന അയ്യപ്പ ഭക്തരെ പന്തളത്ത് എത്തിച്ച് പമ്പയ്ക്ക് വിടുന്ന തരത്തിൽ സർവീസുകൾ ക്രമീകരിക്കേണ്ടതാണ്. പന്തളത്തിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നതിൽ സർക്കാർ ദേവസ്വം വകുപ്പുകൾ അടിയന്തര ശ്രദ്ധ പുലർത്തണം.
യാത്രക്കാരില്ലെന്ന് അധികൃതർ
യാത്രക്കാരുടെ കുറവും നഷ്ടവും കാരണം ചീഫ് ഓഫീസറുടെ നിർദ്ദേശത്തെ തുടർന്നാണ് പമ്പ സർവീസ് നിറുത്തലാക്കിയത്. കഴിഞ്ഞ ഓണ സീസണുകളിലും സർവീസ് നടത്തിയെങ്കിലും വലിയ നഷ്ടമാണ് ഉണ്ടായത്. മറ്റ് ചില സർവീസുകൾ റദ്ദ് ചെയ്താണ് ഈ ബസ് പമ്പയ്ക്ക് വിട്ടത്. സമീപകാലത്ത് പത്തനംതിട്ടയിൽ നിന്ന് ഇതേ സമയത്ത് തന്നെ പമ്പയ്ക്ക് മറ്റൊരു സർവീസ് ആരംഭിച്ചതോടെ ഈ ബസിൽ യാത്ര ചെയ്യാൻ ആളുകൾ കുറവായി. ഇതാണ് ഇപ്പോൾ ബസ് സർവീസ് നടത്താതിരിക്കുന്നതിനുള്ള കാരണമെന്ന് കെ.എസ്ആർ.ടി.സി അധികൃതർ പറയുന്നു.
..................................
ഈ വിഷയങ്ങൾ ചൂണ്ടി കാട്ടി ഗതാഗത ദേവസ്വം മന്ത്രിമാർക്ക് കത്ത് നൽകും. പമ്പ സർവീസ് പിൻവലിച്ച നടപടി പ്രതിഷേധാർഹമാണ്. പുന:സ്ഥാപിക്കാനുള്ള നടപടി വേണം.
ആഘോഷ് വി.സുരേഷ്
(പന്തളം വലിയ കോയിക്കൽ മുൻ
ഉപദേശക സമിതി സെക്രട്ടറി)