തിരുവല്ല : ശ്രീനാരായണ ഗുരുദേവന്റെ 98-ാമത് മഹാസമാധി എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയനിലെ 48 ശാഖകളുടെയും വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും ആഭിമുഖ്യത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആചരിച്ചു. രാവിലെ മുതൽ ഗണപതിഹോമം, ഗുരുദേവ കൃതികളുടെ പാരായണം,ഗുരുഭാഗവത പാരായണം,ഉപവാസയജ്ഞം, പ്രഭാഷണം, ശാന്തിയാത്ര.ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, സമൂഹപ്രാർത്ഥന മഹാസമാധിപൂജ, മംഗളാരതി,കഞ്ഞിവീഴ്ത്തൽ, ഗുരുപൂജ പ്രസാദ വിതരണം എന്നിവ ഉണ്ടായിരുന്നു. എസ്.എൻ.ഡി.പി.യോഗം കടപ്ര നിരണം 313-ാം ശാഖയിലെ ഉപവാസയജ്ഞം യൂണിയൻ അഡ്മിനിസ്ട്രേറ്റർ സന്തോഷ് ശാന്തി ഉദ്ഘാടനം ചെയ്തു.എഴുമറ്റൂർ ശാഖയുടെ ഉപവാസയജ്‌ഞം എസ്എൻ.ഡി.പി യോഗം ഇൻസ്പെക്റ്റിംഗ് ഓഫീസർ എസ്.രവീന്ദ്രൻ എഴുമറ്റൂർ ഉദ്ഘാടനം ചെയ്തു. വിവിധ ശാഖകളിൽ നടക്കുന്ന മഹാസമാധി ചടങ്ങുകളിൽ മേഖലാ ഭാരവാഹികളും, ശാഖാ ഭാരവാഹികളും പോഷകസംഘടന ഭാരവാഹികളും പങ്കെടുത്തു. കുന്നന്താനം ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾക്കുശേഷം സൂഫി ബോർഡ് സംസ്ഥാന ജനറൽസെക്രട്ടറി പി.എം.സലാം മുസ്ലിയാർ മാന്നാർ, യൂത്ത് മൂവ്മെന്റ് യൂണിയൻ ചെയർമാൻ അനീഷ് ആനന്ദ് എന്നിവർ ഗുരുദേവ പ്രഭാഷണം നടത്തി. ആഞ്ഞിലിത്താനം ഗുരുദേവ പാദുക പ്രതിഷ്ഠാ ക്ഷേത്രത്തിൽ രാവിലെ മുതൽ പ്രാർത്ഥന, ഉപവാസം, ഗുരുദേവകൃതികളുടെ പാരായണത്തിനുശേഷം കുട്ടനാട് ശ്രീനാരായണ ദർശന പഠനകേന്ദ്രത്തിലെ രഞ്ജിനി ബിനു ഗുരുദേവ പ്രഭാഷണം നടത്തി. ഉച്ചയ്ക്കുശേഷം സമൂഹപ്രാർത്ഥന, കഞ്ഞിവീഴ്ത്തൽ എന്നിവയുണ്ടായിരുന്നു.കുന്നന്താനം ഈസ്റ്റ് ആർ.ശങ്കർ മെമ്മോറിയൽ ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിൽ ഗുരുപൂജ, ഗുരുപുഷ്‌പാജ്‌ഞലി, സമൂഹപ്രാർത്ഥന, ഗുരുദേവകൃതികളുടെ പാരായണം എന്നിവയുണ്ടായിരുന്നു. എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻ യൂത്ത് മൂവ്മെന്റ് യൂണിയൻ ചെയർമാൻ അനീഷ് ആനന്ദ് ഗുരുദേവ പ്രഭാഷണം നടത്തി. തുടർന്ന് സന്തോഷ് തന്ത്രിയുടെയും സനൽ ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ പൂമൂടൽ, ദൈവദശകം.സമർപ്പണം എന്നിവയുണ്ടായിരുന്നു. തിരുവല്ല ടൗൺ ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിൽ ഗണപതിഹോമം,ഗുരുപൂജ,പുഷ്‌പാഞ്ജലി, ശാന്തിഹവനം, ഗുരുധർമ്മ പ്രഭാഷണം എന്നിവയ്ക്കുശേഷം സമൂഹപ്രാർത്ഥന, മഹാസമാധി പൂജ, കഞ്ഞിവീഴ്ത്തൽ എന്നിവയുണ്ടായിരുന്നു. പെരിങ്ങര ഗുരുവാണീശ്വരം ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ, ഗണപതിഹോമം, മേൽശാന്തി ശ്യാം ശാന്തിയുടെ ഗുരുധർമ്മ പ്രഭാഷണം, സമൂഹ പ്രാർത്ഥന,സമാധിപൂജ, പൂമൂടൽ,കഞ്ഞിവീഴ്ത്തൽ എന്നിവയോടെ മഹാസമാധി ആചരിച്ചു. മുത്തൂർ ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിൽ വിശേഷാൽപൂജ, സമൂഹപ്രാർത്ഥന, ഗുരുദേവ കൃതികളുടെ പാരായണം, ഉച്ചയ്ക്കുശേഷം ശാന്തിയാത്ര, കഞ്ഞിവീഴ്‌ത്തൽ എന്നിവയുണ്ടായിരുന്നു. ചാത്തങ്കരി ശാഖയിൽ ഗുരുദേവകൃതികളുടെ ആലാപനം, വനിതാ സംഘത്തിന്റെയും കുടുംബ യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ സമൂഹപ്രാർത്ഥന, ഗുരുധർമ്മ പ്രഭാഷണം. ഗുരുപൂജ, കഞ്ഞിവീഴ്ത്തൽ എന്നിവയുണ്ടായിരുന്നു.