തിരുവല്ല : ഫ്രാൻസിലെ ലാ റോഷൽ യൂണിവേഴ്സിറ്റിയിൽ ഗവേഷണത്തിനായി 1.5 കോടി രൂപ മൂല്യമുള്ള യൂറോപ്യൻ യൂണിയന്റെ മേരിക്യൂറി ഫെലോഷിപ്പിന് കുമ്പനാട് കടപ്ര സ്വദേശിനിയായ അമൃതമോൾ എൻ.എ അർഹയായി.
കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുള്ള കടൽത്തീര തുറമുഖ കോൺക്രീറ്റ് കേടുപാടുകൾക്ക് എ .ഐ അധിഷ്ഠിത പരിഹാര മാർഗങ്ങൾ വികസിപ്പിക്കുക എന്നതാണ് ഗവേഷണ വിഷയം. ഫ്രാൻസിലെയും ജർമ്മനിയിലെയും യൂണിവേഴ്സിറ്റികളുടെ സംയുക്ത മേൽനോട്ടത്തിലാണ് ഗവേഷണം നടക്കുക. യൂറോപ്യൻ യൂണിയൻ ധനസഹായം നൽകുന്ന ഈ ഗവേഷണം അന്താരാഷ്ട്ര സഹകരണ പദ്ധതിയുടെ ഭാഗമായിട്ടുള്ളതാണ്. 17 ഗവേഷകരെ ഉൾപ്പെടുത്തുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിലെ 8 പേരിൽ ഒരാളാണ് അമൃത. പഞ്ചാബ് ജലന്ധർ എൻ.ഐ.ടിയിൽ നിന്ന് സിവിൽ സ്ട്രക്ചറൽ എൻജിനിയറിംഗിൽ മൂന്നാം സ്ഥാനത്തോടെ എം.ടെക് ഓണേഴ്സ് പൂർത്തിയാക്കിയ അമൃത, പുല്ലാട് എസ്.വി.ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപകൻ എൻ.ആർ അശോക് കുമാറിന്റെയും റിട്ട. ഹെഡ്മിസ്ട്രസ് വി.ആർ ഉഷയുടെയും ഇളയമകളാണ്.