മല്ലപ്പള്ളി: അയ്യപ്പ സംഗമം തട്ടിപ്പാണെന്ന് ജനം തിരിച്ചറിഞ്ഞതു കൊണ്ടാണ് പരാജയപ്പെട്ടതെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി പറഞ്ഞു. ബി.ജെ.പി ആനിക്കാട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ ഭരണ പരാജയം മറച്ചുവയ്ക്കുന്നതിനു വേണ്ടി സംഘടിപ്പിച്ച പരിപാടിയെ ശക്തമായി എതിർക്കാൻ യു.ഡി.എഫ് തയാറായില്ല. വിലക്കയറ്റം രൂക്ഷമായിട്ടും ഒരു സമരം പോലും സംഘടിപ്പിക്കാൻ യു.ഡി.എഫ് തയാറാകാത്തതും രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയത്തിൽ സി.പി.എം നിലപാട് മയപ്പെടുത്തിയതും യു.ഡി.എഫ് എൽ.ഡി.എഫ് തമ്മിലുള്ള ധാരണയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വിജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വിജയകുമാർ മണിപ്പുഴ പ്രഭാഷണം നടത്തി. മേഖലാ സെക്രട്ടറി വിനോദ് തിരു മൂലപുരം, ജില്ലാ സെക്രട്ടറി സുജാ ഗിരീഷ്, മണ്ഡലം പ്രസിഡന്റ് ടിറ്റു തോമസ്, ജനറൽ സെക്രട്ടറി പ്രവീൺ അമ്പാടി, ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.