പ്രമാടം : രണ്ടാഴ്ചനീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ പ്രമാടം ഗ്രാമപഞ്ചായത്തിലെ ളാക്കൂരിലും നെടുമ്പാറയിലും കുടിവെള്ളമെത്തി. ശുദ്ധജല വിതരണം മുടങ്ങി ആഴ്ചകളായിട്ടും പരിഹരിക്കാത്ത വാൽവ് ഓപ്പറേറ്ററുടെ അനാസ്ഥ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്നാണ് നടപടി. ഇതോടെ സമീപ പ്രദേശങ്ങളായ ഐരേത്തുവിള, കുളനടക്കുഴി, പുത്തേത്ത് ഭാഗം, ഈട്ടിക്കാല സങ്കേതം, പ്ളാക്കൽ, തുടങ്ങിയ പ്രദേശങ്ങളിലെ ശുദ്ധജല ക്ഷാമത്തിനും പരിഹാരമായി.
പ്രമാടം ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായ പ്ളാക്കൽ പമ്പ് ഹൗസിൽ നിന്ന് വെള്ളം പമ്പുചെയ്ത് ഐരേത്തുവിള ടാങ്കിൽ എത്തിച്ചാണ് ഈ പ്രദേശങ്ങളിൽ വെള്ളം വിതരണം ചെയ്യുന്നത്. എന്നാൽ പൈപ്പുപൊട്ടലിനെ തുടർന്ന് വെള്ളം ടാങ്കിൽ എത്താതിരുന്നതാണ് പ്രതിസന്ധിക്ക് കാരണമായത്. ഇക്കാര്യം ജനപ്രതിനിധികളും നാട്ടുകാരും വാൽവ് ഓപ്പറേറ്ററുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഇത് പരിശോധിക്കാനോ പരിഹാരം കാണാനോ തയ്യാറായിരുന്നില്ല. പ്രദേശത്തെ ഭൂരിഭാഗം കുടുംബങ്ങളും ജല അതോറിറ്റിയുടെ കുടിവെള്ളത്തെ ആശ്രയിച്ചാണ് കഴിയുന്നത്. വർഷത്തിലെ ഭൂരിഭാഗം മാസങ്ങളിലും കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശമാണിത്. ഉയർന്ന പ്രദേശമായതിനാൽ മിക്ക വീടുകളിലും കിണറുകളില്ല. പ്രമാടം സമഗ്ര കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തി നെടുമ്പാറയിൽ പുതിയ വാട്ടർ ടാങ്കിന് അനുമതിയായിട്ടുണ്ട്. കാലപ്പഴക്കം ചെന്ന പഴയവ മാറ്റി പുതിയ പൈപ്പ് ലൈനുകളും പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും. ഇതോടെ ഈ പ്രദേശങ്ങളിലെ കുടിവെളള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷ.