കോന്നി :കോന്നി നിയോജക മണ്ഡലത്തിൽ ആധുനിക രീതിയിൽ നിർമ്മിച്ച പ്രമാടം , മലയാലപ്പുഴ , ചിറ്റാർ ഗവ. എൽ.പി.സ്കൂളുകൾ , മാങ്കോട് ഗവ ഹൈസ്കൂൾ കെട്ടിടങ്ങൾ മന്ത്രി വി. ശിവൻകുട്ടി ഇന്ന് നാടിന് സമർപ്പിക്കും. അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ. എ അദ്ധ്യക്ഷത വഹിക്കും. ഒരു കോടി രൂപ ചെലവിൽ രണ്ട് നിലകളിലായി നിർമ്മിച്ച പ്രമാടം സ്കൂളിലെ കെട്ടിടത്തിൽ
ആറ് ക്ലാസ് മുറികളും മുകളിൽ ഹാളുമുണ്ട് രാവിലെ 9.30 നാണ് ഉദ്ഘാടനം. രണ്ട് കോടി രൂപ ചെലവിൽ നിർമ്മിച്ച മലയാലപ്പുഴ സ്കൂളിൽ ഇരുനിലകളിലായി 10 ക്ലാസ് മുറികളും ഓഫീസ് മുറികളും പാചകപ്പുരയും ടോയ്ലറ്റ് ബ്ലോക്കുമുണ്ട്. സ്കൂളിന് ചുറ്റുമതിലുമുണ്ട്. രാവിലെ 10. 30 നാണ് ഉദ്ഘാടനം.ചിറ്റാർ കൂത്താട്ടുകുളം സ്കൂളിൽ ഒന്നരക്കോടി രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടത്തിൽ ഏഴു ക്ലാസ് മുറികളും, ഒരു ഓഫീസ് മുറിയും ടോയ്ലറ്റ് ബ്ലോക്കുമുണ്ട്. രാവിലെ 11:30നാണ് ഉദ്ഘാടനം.
മാങ്കോട് സ്കൂളിൽ 1.30 കോടി രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടത്തിൽ 8 ക്ലാസ് മുറികളും ടോയ്ലറ്റ്കളുമുണ്ട്. മാങ്കോട് സ്കൂളിൽ ഹയർസെക്കൻഡറി ബ്ലോക്ക് നിർമ്മിക്കുന്നതിന് 72 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പുതിയ ഹയർസെക്കൻഡറി ബ്ലോക്കിന്റെ നിർമ്മാണ ഉദ്ഘാടനവും ഉച്ചയ്ക്ക് രണ്ടിന് മന്ത്രി നിർവഹിക്കും.