inagu
ജൽ ജീവൻ മിഷന്റെ 'എല്ലാ വീടുകളിലും ശുദ്ധജലം' ജില്ലാതല പ്രഖ്യാപന പരിപാടി മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല ; സംസ്ഥാനത്ത് 44 നദികളും അനവധി ജലസ്രോതസുകളും ഉണ്ടായിട്ടും കുടിവെള്ള പ്രശ്നം വർഷംതോറും രൂക്ഷമാകുന്നതായും ജലസംരക്ഷണത്തിലും ഉപയോഗത്തിലും കൂടുതൽ കരുതൽ ആവശ്യമാണെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ജൽജീവൻ മിഷന്റെ 'എല്ലാ വീടുകളിലും ശുദ്ധജലം' ജില്ലാതല പ്രഖ്യാപന ചടങ്ങ് നെടുമ്പ്രം പഞ്ചായത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഗ്രൗണ്ട് വാട്ടർ ലെവൽ കുറയുകയും കടലിലെ ജലനിരപ്പ് ഉയരുകയും ചെയ്യുന്ന അവസ്ഥ കേരളത്തിൽ ഇപ്പോൾ കാണപ്പെടുന്നു. ശുദ്ധജലലഭ്യതയ്ക്കായി ഏറെ ബുദ്ധിമുട്ടും പ്രതിസന്ധികളും നേരിടേണ്ടി വരുമെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായമെന്നും മന്ത്രി പറഞ്ഞു. നിർമ്മാണം പൂർത്തിയായ നെടുമ്പ്രം വെസ്റ്റ് ലിഫ്റ്റ് ഇറിഗേഷൻ കനാലും മന്ത്രി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്നകുമാരി അദ്ധ്യക്ഷത വഹിച്ചു. ജലഅതോറിറ്റി സൂപ്രണ്ടിംഗ് എൻജിനിയർ ആർ.വി. സന്തോഷ്‌കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. നെടുമ്പ്രം പഞ്ചായത്തിൽ ജലജീവൻ മിഷനിലൂടെ ആദ്യഘട്ടത്തിൽ 15.68ലക്ഷം രൂപ ചെലവഴിച്ച് 105വീടുകൾക്കും രണ്ടാംഘട്ടത്തിൽ 236.30 ലക്ഷം രൂപയിൽ ശേഷിക്കുന്ന 922വീടുകൾക്കും ഗാർഹികകുടിവെള്ള കണക്ഷൻ നൽകി. ഇതോടെ നെടുമ്പ്രം ഗ്രാമപ്പഞ്ചായത്ത് ജില്ലയിൽ എല്ലാവീടുകളിലും കുടിവെള്ള കണക്ഷൻ നൽകിയ ആദ്യപഞ്ചായത്തായി മാറി. ജില്ലാപഞ്ചായത്തംഗം മായാ അനിൽകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സൈലേഷ് മങ്ങാട്ട്, കെഎസ്‌സിഇഡബ്ല്യുബി വൈസ് ചെയർമാൻ അഡ്വ.ആർ.സനൽകുമാർ, പഞ്ചായത്തംഗങ്ങളായ ഷേർളി ഫിലിപ്പ്, ജെ.പ്രീതിമോൾ, എൻ.എസ്. ഗിരിഷ്‌കുമാർ, തോമസ് ബേബി, പി.വൈശാഖ്, ശ്യാംഗോപി, ജിജോ ചെറിയാൻ എന്നിവർ പ്രസംഗിച്ചു.