റാന്നി: സംസ്ഥാനപാതയിൽ റാന്നി മാമുക്ക് ജംഗ്ഷനിൽ ട്രാഫിക് സിഗ്‌നൽ സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മാമുക്കിലെ വ്യാപാരികളും പ്രദേശവാസികളും ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് അവർ പ്രമോദ് നാരായൺ എം.എൽ.എയ്ക്ക് നിവേദനം നൽകി.നിലവിലെ സാഹചര്യത്തിൽ ട്രാഫിക് സിഗ്‌നൽ സ്ഥാപിക്കുന്നത് വലിയ ഗതാഗതക്കുരുക്കിന് കാരണമാകുമെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടി. റോഡിന് ഇരുവശത്തേക്കും ഓരോ വലിയ വാഹനത്തിന് മാത്രം പോകാനുള്ള വീതിയാണ് ഇവിടെയുള്ളത്. സംസ്ഥാനപാത നവീകരിച്ചതോടെ വാഹനങ്ങളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്.തിരുവല്ല, ചെറുകോൽപ്പുഴ, വൃന്ദാവനം തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾക്ക് മാമുക്കിൽ നിന്ന് തിരിയേണ്ടതുണ്ട്. സിഗ്നൽ ലൈറ്റ് സ്ഥാപിക്കുമ്പോൾ ഒരു മിനിറ്റ് റെഡ് സിഗ്നൽ വന്നാൽ പോലും വാഹനങ്ങളുടെ നീണ്ട നിര ഉണ്ടാകും. അടുത്തിടെ വൺവേയിൽ ചെറിയ തടസമുണ്ടായപ്പോൾ വൈക്കം ബ്ലോക്കുപടി വരെ വാഹനങ്ങളുടെ നിര നീണ്ടിരുന്നു. സമാനമായ ഒരു സാഹചര്യമാണ് ഇവിടെയും പ്രതീക്ഷിക്കുന്നതെന്നും ഇത് കച്ചവടത്തെയും സാധാരണ യാത്രക്കാരെയും ഒരുപോലെ ബാധിക്കുമെന്നും വ്യാപാരികൾ ആശങ്കപ്പെടുന്നു.