ashik

തിരുവല്ല : ഒരു മിനിട്ട് 40 സെക്കൻഡിനുള്ളിൽ 17 റോയൽ എൻഫീൽഡ് ബുള്ളറ്റ് ബൈക്കുകൾ ശരീരത്തിലൂടെ കയറിയിറങ്ങിയപ്പോൾ 14 വയസുകാരൻ ഇന്ത്യ ബുക്ക് ഓഫ് റെക്കാഡിൽ ഇടംപിടിച്ചു. തിരുവല്ല കല്ലുങ്കൽ പടിഞ്ഞാറെ വെൺപാല മുട്ടത്തുശേരിൽ മതീഷ് - റോഷ്നി ദമ്പതികളുടെ മകൻ ആഷിക്കാണ് കൗമാരക്കാരുടെ റെക്കാർഡ് സ്വന്തം പേരിലാക്കിയത്. 14 വർഷവും 5 മാസവും 6 ദിവസവും പ്രായമുള്ളപ്പോൾ കിടന്നുകൊണ്ട് പാഡിംഗോ ഗാർഡോ ഇല്ലാതെ വയറിന്റെ ഭാഗത്തുകൂടി ബൈക്കുകൾ കയറ്റിയിറക്കിയാണ് ആഷിക്കിന്റെ നേട്ടം. 2025 സെപ്തംബർ 8ന് തിരുവല്ലയിലായിരുന്നു ആഷിക്കിന്റെ റെക്കാർഡ് നേട്ടം. തിരുവല്ല എം.ജി.എം ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ളാസ് വിദ്യാർത്ഥിയായ ആഷിക്ക് തിരുവല്ല ഒയാമ മാർഷൽ ആർട്സ് അക്കാദമിയിലെ പരിശീലനത്തിലൂടെയാണ് റെക്കാർഡ് ജേതാവായത്. നാഷണൽ ക്യുുകുഷിൻ കരാട്ടെ ചാമ്പ്യൻഷിപ്പിൽ മൂന്ന് തവണ ചാമ്പ്യനായിരുന്നു. സഹോദരി അർഷിതയും കരാട്ടെ പരിശീലനം നടത്തുന്നുണ്ട്.

മികവുറ്റ കോർ ശക്തി, മാനസിക ശ്രദ്ധ, ശാരീരിക പ്രതിരോധശേഷി എന്നിവ അനിവാര്യമായ സാഹചര്യത്തിൽ കഠിനപരിശ്രമത്തിലൂടെയാണ് ആഷിക്കിന് റെക്കാർഡ് നേട്ടം സ്വന്തമാക്കാനായത്.

വിനു ഡി.കൈമൾ,

പരിശീലകൻ, ഒയാമ മാർഷൽ ആർട്സ് അക്കാദമി