കോന്നി : അച്ചൻ കോവിൽ ആറിന് കുറുകെ അട്ടച്ചാക്കൽ ചിറ്റൂർ കടവിൽ നിർമ്മിക്കുന്ന പാലത്തിന്റെ പണികൾ ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പാലത്തിനും അപ്രോച്ച് റോഡിനുംകൂടി 12.25 കോടി രൂപയാണ് അനുവദിച്ചിരുന്നത്. പാലത്തിന് കരാർ എടുത്തിരിക്കുന്നവർ 49 ശതമാനം അധിക തുക ആവശ്യപ്പെട്ടു. ഇതുകാരണമാണ് കരാർ നടപടികൾ വൈകുന്നതാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുവാൻ വൈകുന്നത്. പാലം നിർമ്മിക്കുന്നതിനായി ഭൂമി ഏറ്റെടുക്കുവാൻ റവന്യൂ വകുപ്പ് പ്രത്യേക ഉത്തരവിറക്കിയിരുന്നു.
പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ഭൂമി ഏറ്റെടുക്കുന്നതിനായിട്ടുള്ള അതിർത്തി കല്ലുകൾ പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ചിരുന്നു. പാലം യാഥാർത്ഥ്യമായാൽ കോന്നിയുടെ കിഴക്കൻ മേഖലയിൽ മലയാലപ്പുഴ, തണ്ണിത്തോട്, ഗവി ഭാഗങ്ങളിലേക്കുള്ള ഗതാഗതം സുഗമമാക്കും. ചിറ്റൂർ മുക്കിനേയും, അട്ടച്ചാക്കലിനേയും ബന്ധിപ്പിച്ച് പാലം എന്നത് നാട്ടുകാരുടെ വർഷങ്ങളായുള്ള സ്വപ്നമാണ്. ചിറ്റൂർ ജംഗ്ഷനിൽ നിന്നും ചിറ്റൂർ ക്ഷേത്രത്തിലേക്കും മലയാലപ്പുഴ,വടശേരിക്കര, റാന്നി പ്രദേശങ്ങളിലേക്കും കോന്നി മെഡിക്കൽ കോളേജിലേക്കും യാത്രാ സൗകര്യം ഒരുക്കുന്നതിന് പാലം ഏറെ സഹായകരമാകും. പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയെയും കോന്നി -വെട്ടൂർ -കുമ്പഴ പാതയെയും യോജിപ്പിക്കുന്നതാകും.
റിവർ മാനേജ്മെന്റ് ഫണ്ട് ഉപയോഗിച്ച് മുമ്പ് ചെറിയ പാലം നിർമ്മിതി കേന്ദ്രത്തിന്റെ ചുമതലയിൽ നിർമ്മാണം തുടങ്ങിയെങ്കിലും പണികൾ മുടങ്ങിപ്പോയിരുന്നു. ചിറ്റൂർ കടവിൽ ചെറിയ പാലത്തിനായി തൂണുകൾ സ്ഥാപിച്ചെങ്കിലും, കരാറുകാരന് പണം ലഭിക്കാതായതോടെ കോടതി വ്യവഹാരത്തിലേക്ക് എത്തി നിർമ്മാണ പ്രവർത്തനങ്ങൾ അന്ന് നിലച്ചുപോകുകയായിരുന്നു. നിലവിലെ തൂണുകൾ സുരക്ഷിതമല്ലെന്ന് വിദഗ്ദ്ധ സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
പുതുതായി നിർമ്മിക്കുന്ന പാലത്തിന്റെ നീളം 232.15 മീറ്ററാണ് വീതി 11 മീറ്ററും നദിയിൽ അഞ്ച് സ്പാനുകളും. കരയിൽ എട്ട് സ്പാനുകളും ഉണ്ടാകും. അപ്രോച്ച് റോഡ് 240 മീറ്റർ നീളത്തിലാണ്.
പാലം പണികൾ ആരംഭിക്കാനുള്ള നടപടികൾ ബന്ധപ്പെട്ടവർ സ്വീകരിക്കണം: പ്രകാശ് കിഴക്കുപ്പുറം ( ബി ഡി ജെ എസ് ജില്ലാ കമ്മിറ്റി അംഗം)