ഏനാദിമംഗലം : ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ ഭൂരിഭാഗം വാർഡിലും രൂക്ഷമായ യാത്ര ദുരിതം നേരിടുന്നതായി പരാതി. കെ.പി റോഡ് കടന്നു പോകുന്ന വഴിയിലുള്ള ഇളമണ്ണൂർ ,മങ്ങാട് ,മാരൂർ എന്നീ പ്രദേശങ്ങളിൽ മാത്രമാണ് കെ.പി റോഡിലെ വാഹന ഗതാഗതം മൂലം യാത്ര പ്രശ്നമില്ലാത്തത്. കുന്നിട ,കുറുമ്പകര, പൂതങ്കര,മാവിള, മലനട തുടങ്ങിയ ഉൾപ്രദേശങ്ങളിലെ ജനങ്ങൾ നിലവിൽ ബസ് സർവീസ് ഇല്ലാത്തത് മൂലം വലിയ യാത്രാ ദുരിതമാണ് നേരിടുന്നത്. ഗ്രാമപഞ്ചായത്ത് ഉൾപ്പെടെ സ്ഥിതി ചെയ്യുന്നത് ഇളമണ്ണൂർ തീയേറ്റർ ജംഗ്ഷനിലാണ്. കുന്നിട ഭാഗത്തു നിന്നും ആളുകൾക്ക് ഇവിടെ എത്തിച്ചേരണമെങ്കിൽ രണ്ട് ബസ് കയറി വരേണ്ട സ്ഥിതിയാണ്. കുറുമ്പകര ഭാഗത്തുള്ളവർക്ക് ഇളമണ്ണൂർ വരണമെങ്കിൽ ബസ് കയറി കെ.പി റോഡ് കടന്നു പോകുന്ന പുതുവൽ എത്തിയതിനു ശേഷം മാത്രമേ ഇളമണ്ണൂരിൽ എത്തിച്ചേരാൻ സാധിക്കുകയുള്ളു. കിൻ ഫ്ര റോഡ് വഴി ഇവിടേക്ക് എത്തിച്ചേരമെങ്കിലും ബസ് റൂട്ടില്ല എന്നതാണ് പ്രദേശവാസികളെ വലയ്ക്കുന്നത്. ഏഴ് സ്വകാര്യ ബസുകൾ സർവീസ് നടത്തിയിരുന്ന പൂതങ്കര പ്രദേശത്തു ഇപ്പോൾ ആകെയുള്ളത് പത്തനാപുരം ഡിപ്പോയിൽ നിന്ന് കലഞ്ഞൂർ വഴി വന്നു പൂതങ്കര വഴി കടന്നു പോകുന്ന കെ.എസ്.ആർ.ടി.സി മാത്രമാണ്. ചാങ്കൂരിൽ നിന്നും മലനട വഴി കലഞ്ഞൂർ വഴി പത്തനാപുരത്തേയ്ക്ക് പോകുന്ന ബസ് സർവീസും നിലച്ചിരിക്കുകയാണ്. അടൂരിനും പത്തനാപുരത്തിനും ഇടയിൽ ധാരാളം വ്യവസായ സ്ഥാപനങ്ങളുള്ള കിൻഫ്ര പാർക്ക് ഉൾപ്പെടെയുള്ള പ്രദേശമായിട്ടും ഏനാദിമംഗലം പഞ്ചായത്തിലെ മിക്ക പ്രദേശങ്ങളിലേക്കും സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി ബസുകളും സർവീസ് നടത്താത്തത് മൂലം ജനങ്ങൾ ദുരിതത്തിലാണ്. അധികൃതർ അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
......................................
വിദ്യാർത്ഥികളെയും സ്ഥിരം യാത്രക്കാരെയും യാത്രാദുരിതം സാരമായി ബാധിച്ചിട്ടുണ്ട്. പല വിദ്യാർത്ഥികളും ദീർഘാദൂരം നടന്നാണ് കെ.പി റോഡിൽ എത്തിച്ചേരുന്നത്. കോന്നി എം.എൽ.എ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണം
(പ്രദേശവാസികൾ)