തിരുവല്ല : കുണ്ടും കുഴിയുമായി പൊളിഞ്ഞു കിടക്കുന്ന നിരണം പള്ളിപ്പടി - ഡക്ക് ഫാം റോഡിലെ യാത്രാദുരിതത്തിന് അറുതിയില്ല. യാത്രക്കാരുടെ നടുവൊടിക്കുന്ന കുഴികളാണ് എല്ലായിടത്തും. നിരണം പഞ്ചായത്തിലെ അഞ്ച്, ആറ് വാർഡുകളിലൂടെ പോകുന്ന റോഡിൽ അറ്റകുറ്റപ്പണികൾ നടന്നിട്ട് വർഷങ്ങളായി. പലയിടത്തും പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴികൾ രൂപപ്പെട്ടതോടെ മഴക്കാലത്ത് വെള്ളക്കെട്ടാണ്. ചെളിവെള്ളം ഒഴുകിപ്പോകാൻ പലയിടത്തും ഓടയില്ലാതെ റോഡ് ഗതാഗത യോഗ്യമല്ലാതെയായി. ആളുകൾക്ക് നടന്നുപോകാൻ പോലും ഇടമില്ല. കടപ്ര റോഡിൽ നിർമ്മാണം നടക്കുന്നതിനാൽ ഈ റോഡിനെയാണ് കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്നത്. എന്നാൽ റോഡിന്റെ തകർച്ച കാരണം യാത്രക്കാർ ദുരിതമെല്ലാം താണ്ടണം. ഓട്ടോ, ടാക്സി വാഹനങ്ങൾ പോലും വരാൻ മടിക്കുന്നതായി പ്രദേശവാസികൾ പറയുന്നു. റോഡിന്റെ തകർച്ച കാരണം ഇരുചക്ര യാത്രക്കാർ നിരവധി തവണ ഇവിടെ അപകടത്തിൽപ്പെട്ട് പരിക്കേറ്റിട്ടുണ്ട്. റോഡിന്റെ തകർച്ചയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് അധികൃതരോട് പലവട്ടം പരാതി ഉന്നയിച്ചിട്ടും പരിഹാരം ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
...........................................
ഒത്തിരി നാളായി തകർന്ന റോഡിലൂടെ യാത്ര ചെയ്ത് ജനങ്ങൾ നരകിക്കുകയാണ്. അടിയന്തരമായി റോഡ് സഞ്ചാരയോഗ്യമാക്കാൻ നടപടി സ്വീകരിക്കണം.
റിജോ
(പ്രദേശവാസി)