പത്തനംതിട്ട : 28 വരെ നടക്കുന്ന ആംഗ്യഭാഷ വാരാചാരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം, സാമൂഹികനീതി വകുപ്പ്, ഡഫ് കൺസോർഷ്യം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ആംഗ്യഭാഷ പരിശീലന പരിപാടി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ചു. ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കേൾവിസംസാര പരിമിതി ഉള്ളവർക്ക് സർക്കാർ സേവനം നിഷേധിക്കാതിരിക്കാൻ ഓരോ ഉദ്യോഗസ്ഥനും ആംഗ്യഭാഷ അറിഞ്ഞിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 'ഇന്ത്യൻ ആംഗ്യഭാഷയിൽ നിത്യ ജീവിതത്തിൽ ആവശ്യമായ ചില അടിസ്ഥാന ആംഗ്യ രൂപങ്ങൾ' എന്ന കൈപ്പുസ്തകം ജില്ലാ കളക്ടർ പ്രകാശനം ചെയ്തു. ജില്ലാ സാമൂഹികനീതി ഓഫീസർ ജെ. ഷംല ബീഗം അദ്ധ്യക്ഷത വഹിച്ചു. കെ.സി.സണ്ണിച്ചൻ, വർഗീസ് മാത്യു, പി.എ ഏബ്രഹാം, സൂസൻ വർഗീസ്, മുഹമ്മദ് സലീം, പ്രിൻസ് എന്നിവർ പങ്കെടുത്തു.