മല്ലപ്പള്ളി: മാലിന്യം സംസ്‌കരിക്കുവാനായി മല്ലപ്പള്ളി മിനി സിവിൽ സ്റ്റേഷൻ പരിസരത്തു സ്ഥാപിച്ച മാലിന്യ സംസ്‌കരണശാലയായ എയ്‌റോബിക് കമ്പോസ്റ്റ് യൂണിറ്റ് പ്രവർത്തനം തുടങ്ങാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. മൂന്ന് വർഷം മുൻപ് പഞ്ചായത്ത് സ്ഥാപിച്ച സംസ്‌കരണ കേന്ദ്രമാണ് നോക്കുകുത്തിയായി തുടരുന്നത്. രണ്ട് ലക്ഷത്തോളം രൂപ ചെലവഴിച്ച് നിർമ്മിച്ച മാലിന്യ സംസ്‌കരണ യൂണിറ്റ് പ്രവർത്തനം ആരംഭിക്കാത്തത് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണെന്ന പരാതി വ്യാപകമാണ്. സ്ഥാപനതല ഉറവിട മാലിന്യ സംസ്‌കരണ പരിപാടിയുടെ ഭാഗമായി ശുചിത്വമിഷന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. അതേസമയം, സംസ്‌കരണ ശാല പ്രവർത്തിപ്പിക്കാത്തതുമൂലം മിനി സിവിൽ സ്‌റ്റേഷൻ കെട്ടിടത്തോടു ചേർന്നാണ് മാലിന്യം ഇപ്പോൾ തള്ളുന്നത്. ഇത് കൂടാതെ എയ്‌റോബിക്ക് കമ്പോസ്റ്റ് യൂണിറ്റിന് സമീപവും ഉദ്യോഗസ്ഥർ മാലിന്യം തള്ളുന്നുണ്ട്. ആഹാര പദാർത്ഥങ്ങളും വ്യാപകമായി ഇവിടെ ഉപേക്ഷിക്കുന്നുണ്ട്. സംസ്‌കരണശാലയുടെ സമീപം തെരുവ് നായ ശല്യം രൂക്ഷമാണ്. പ്രവർത്തനം തുടങ്ങാൻ നടപടിയുണ്ടാകാത്ത പക്ഷം തെരുവ് നായ്ക്കൾ വർദ്ധിക്കുകയും സിവിൽ സ്റ്റേഷൻ പരിസരം മാലിന്യ കൂമ്പാരമായി മാറുകയും ചെയ്യാൻ സാദ്ധ്യത ഏറെയാണ്. അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.