
പന്തളം: ശബരിമല കർമ്മസമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ശബരിമല സംരക്ഷണ സംഗമത്തിൽ വിവാദ പ്രസംഗം നടത്തിയ ശ്രീരാമദാസ മിഷൻ അദ്ധ്യക്ഷൻ സ്വാമി ശാന്താനന്ദ മഹർഷിക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം പന്തളം പൊലീസ് കേസെടുത്തു . അയ്യപ്പനുമായി ബന്ധമുള്ള വാവര് സ്വാമിയെ മുസ്ലിം തീവ്രവാദിയായും അക്രമകാരിയായും ചിത്രീകരിച്ചായിരുന്നു സ്വാമിയുടെ പ്രസംഗം. പന്തളം കൊട്ടാരം കുടുംബാംഗവും സി.പി.എം പന്തളം ഏരിയാ കമ്മിറ്റിയംഗവുമായ തോന്നല്ലൂർ ഏലപ്പള്ളിൽ മഠത്തിൽ എ.ആർ. പ്രദീപ് വർമ്മ, ഹൈക്കോടതി അഭിഭാഷകനും കെ.പി.സി.സി മീഡിയ പാനലിസ്റ്റുമായ അഡ്വ. വി.ആർ. അനൂപ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി ആക്ടിംഗ് സെക്രട്ടറി എൻ.സി. അബീഷ് എന്നിവരാണ് പരാതിക്കാർ. കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാനായി മനഃപൂർവം നടത്തിയ പ്രസംഗമാണ് സ്വാമിയുടേതെന്ന് പരാതിയിൽ പറയുന്നു.