case

ചെങ്ങന്നൂർ: ചെറിയനാട് അരിയന്നൂർ ചെന്നങ്കോടത്തു വീട്ടിൽ കുട്ടപ്പണിക്കരെ (71) മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അരിയന്നൂർശേരി കുറ്റിയിൽപ്പടീറ്റതിൽ ജയപ്രകാശ് (57) നെ ചെങ്ങന്നൂർ സി.ഐ എ.സി വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തെളിവെടുപ്പിന് ചെറിയനാട് എത്തിച്ചു. അരിയന്നൂർശേരി പി.ഐ.പി കനാൽ ബണ്ടിനു സമീപം ആക്രമണം നടന്ന സ്ഥലം ജയപ്രകാശ് പൊലീസിനു കാട്ടിക്കൊടുത്ത ശേഷം സംഭവം വിശദീകരിച്ചു. എസ്ഐ എസ് പ്രദീപ് , സിപിഒ മാരായ ബിജോഷ് കുമാർ, വിബിൻ, കെ ദാസ് എന്നിവർ ഒപ്പമുണ്ടായിരുന്നു. കൊലപാതകം നടന്ന് 31 വർഷത്തിന് ശേഷമായിരുന്നു പ്രതി പിടിയിലായത്. ജയപ്രകാശിന്റെ പിതാവിനെ സംബന്ധിച്ച് അകീർത്തികരമായി സംസാരിച്ച കുട്ടപ്പപണിക്കരെ ജയപ്രകാശ് കല്ലുകൊണ്ട് മർദ്ദിച്ച് കൊലപ്പെടുത്തിയതായാണ് കേസ്. സംഭവത്തിനു ശേഷം പിറ്റേന്ന് പ്രതി മുങ്ങുകയായിരുന്നു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചെങ്ങന്നൂർ ഡി.വൈ.എസ്പി പി ബിനുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം ചെന്നിത്തല ഒരിപ്ര ത്തുള്ള ഭാര്യ വീടിനു സമീപം നിന്ന് ഇയാളെ പിടികൂടിയത്.