തിരുവല്ല : കർഷകർക്കും പ്രദേശവാസികൾക്കും ദുരിതമായ അപ്പർകുട്ടനാട്ടിലെ പോളയും പായലും തിങ്ങിനിറഞ്ഞ ജലാശയങ്ങളിൽ നേരിട്ട് സന്ദർശനം നടത്തി കേന്ദ്ര സംഘം. ഒക്ടോബർ 10ന് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാൻ കേരളത്തിൽ സന്ദർശനം നടത്തുന്നതിന് മുന്നോടിയായി വിവിധയിടങ്ങളിലെ കാർഷിക പ്രശ്‌നങ്ങൾ മനസിലാക്കാനാണ് സംഘം എത്തിയത്. കേരള സംയുക്ത കർഷകവേദി രക്ഷാധികാരിയും മുൻ മിസോറം ഗവർണറുമായ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുളള സമിതി കാർഷികപ്രശ്‌നങ്ങൾ സംബന്ധിച്ച് കൃഷി മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയിരുന്നു. കുമ്മനവും സംഘത്തിനൊപ്പം അപ്പർകുട്ടനാട്ടിലെത്തി. പാലക്കാട്, തൃശൂർ, ആലപ്പുഴ എന്നീ ജില്ലകളിലായിരുന്നു ആദ്യഘട്ടത്തിൽ സന്ദർശനം നിശ്ചയിച്ചിരുന്നത്. ഇന്നലെ കുട്ടനാട് സന്ദർശിച്ചശേഷം വൈകിട്ടാണ് പെരിങ്ങര പഞ്ചായത്തിലെ ചാത്തങ്കരി ആറും പാടശേഖരങ്ങളും കാണാനെത്തിയത്. ഇളവനാരിപ്പടിയിൽ എത്തിയ സംഘം ഒരുമണിക്കൂറോളം ചെലവഴിച്ചു. കർഷകരും നാട്ടുകാരും പ്രശ്‌നങ്ങൾ സംഘത്തിന് മുന്നിൽ വിവരിച്ചു. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷേർളി സക്കറിയയും കാര്യങ്ങൾ വിശദീകരിച്ചു. തോട്ടിൽ പോള മൂടിക്കിടക്കുന്നതിനാൽ കൃഷിച്ചെലവിൽ ഉണ്ടാകുന്ന വർദ്ധനവ്, മലിനജലം മൂലമുളള ആരോഗ്യപ്രശ്‌നങ്ങൾ എന്നിവ കർഷകരായ ഹരികൃഷ്ണൻ എസ്.പിളള, ജി.വേണുഗോപാൽ, സാം ഈപ്പൻ എന്നിവർ സംഘത്തിന് മുന്നിൽ അവതരിപ്പിച്ചു. കർഷകമോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജി രാഘവൻ. ബി.ജെ.പി സംസ്ഥാന ജനറൽസെക്രട്ടറി അനൂപ് ആന്റണി, കർഷകമോർച്ച ജില്ലാപ്രസിഡന്റ് പി.ഉണ്ണികൃഷ്ണൻ, സംസ്ഥാന വൈസ് പ്രസിഡന്റ് സുരേഷ് ഓടയ്ക്കൽ എന്നിവർ സംഘത്തിനൊപ്പം സ്ഥലത്തെത്തി.
കേന്ദ്ര സർക്കാരിന് വിശദമായ റിപ്പോർട്ട് സമർപ്പിക്കും
പോളയും പായലും ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കി ജലാശയങ്ങൾ പരിപാലിക്കാനുളള വിശദമായറിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിക്കുമെന്ന് കേന്ദ്രകൃഷി മന്ത്രാലയം മെക്കനൈസേഷൻ ആൻഡ് ടെക് നോളജി ഡിവിഷൻ ജോയിന്റ് സെക്രട്ടറി എസ്. രുക്മണി പറഞ്ഞു. ജലാശയങ്ങൾ പോളയും പായലും മൂടിക്കിടക്കുന്ന അപ്പർകുട്ടനാടിന്റെ പ്രശ്‌നങ്ങൾ മനസിലാക്കാൻ ഉദ്യോഗസ്ഥ സംഘത്തെ നയിച്ച് എത്തിയതായിരുന്നു അവർ. തോടുകളിൽ മലിനജലം നിറഞ്ഞുകിടക്കുന്നത് ബോധ്യമായിട്ടുണ്ട്. എങ്ങനെ തെളിച്ചെടുക്കാമെന്നത് സംബന്ധിച്ചുളള റിപ്പോർട്ട് തയ്യാറാക്കും. പദ്ധതിയുടെ നടത്തിപ്പും പരിപാലനവും കേന്ദ്രമന്ത്രാലയം നേരിട്ട് നിരീക്ഷിക്കുമെന്നും അവർ പറഞ്ഞു. ഡെപ്യൂട്ടി കമ്മീഷ്ണർ എ.എൻ.മെഷ്രാം, സീനിയർ സയന്റിസ്റ്റ് ഡോ.ദിവ്യ ബാലകൃഷ്ണൻ, സയന്റിസ്റ്റ് ഡോ.വി. മാനസ, ഡോ.എസ്.വിജയകുമാർ, ഡോ.ആർ.ഗോപിനാഥ്, എസ്.ഡി.പവാർ എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് ഇന്നലെ ഉച്ചയ്ക്കുശേഷം സന്ദർശനം നടത്തിയത്.