കോഴഞ്ചേരി : അയിരൂർ പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ പണിതീരുന്നതും കാത്തിരിക്കുകയാണ് നാട്ടുകാർ. ഏറെ പ്രതീക്ഷയോടെ ആരംഭിച്ച സ്റ്റേഡിയം പദ്ധതി ഉടൻ പൂർത്തിയാക്കണമെന്നാണ് അവരുടെ ആവശ്യം. 1995 ലാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന പ്രസാദ് കൈലാത്തിന്റെ നേതൃത്വത്തിൽ സ്റ്റേഡിയത്തിന് വേണ്ടി 3 ഏക്കർ 15 സെന്റ് സ്ഥലം വാങ്ങിയത്. 2002 ൽ രാജ്യസഭാ എം.പി യായിരുന്ന വക്കച്ചൻ മറ്റത്തിൽ തറക്കല്ലിട്ടു . 2005 ൽ പ്രതിപക്ഷനേതാവ് വി. എസ് അച്യുതാനന്ദൻ നിർമ്മാണം ഉദ്ഘാടനം ചെയ്തു . രാജ്യസഭാംഗമായ കസ്തൂരി രംഗൻ 25 ലക്ഷം രൂപ നിർമ്മാണത്തിന് അനുവദിച്ചിരുന്നു. പ്രകാശ് ഗോയൽ എം പി യുടെ ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ അനുവദിച്ചു. ഇതുകൂടാതെ വിവിധ കാലഘട്ടത്തിൽ പഞ്ചായത്തിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും പണം ചെലവാക്കിയെങ്കിലും പണി ഇഴഞ്ഞുനീങ്ങിയതേയുള്ളു. സംരക്ഷണഭിത്തി കെട്ടി മണ്ണിട്ടുയർത്തി , ഗേറ്റ് നിർമ്മിച്ചത് മാത്രമാണ് ഇതുവരെ ചെയ്തത്. അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് കാലയളവിലും മറ്റ് ആവശ്യഘട്ടങ്ങളിലും പാർക്കിംഗ് ഗ്രൗണ്ടായി ഇൗ സ്ഥലമാണ് ഉപയോഗിക്കുന്നത്. കുറെക്കാലം ഡ്രൈവിംഗ് പരിശീലനത്തിനും ഉപയോഗിച്ചു. . 2020 ൽ രാജു ഏബ്രഹാം എം.എൽ.എ ആയിരിക്കെ കേരള കായിക വകുപ്പ് ഒരു കോടി രൂപ സ്റ്റേഡിയം വികസനത്തിനായി അനുവദിച്ചിരുന്നു. 2023 ലാണ് ഇതിന്റെ നിർമ്മാണം ആരംഭിച്ചത്. അതാവട്ടെ ഏറ്റെടുത്ത രണ്ടു കരാറുകാർ ഉപേക്ഷിച്ചതിനാൽ എങ്ങുമെത്താതെ മുടങ്ങി. ചുറ്റുമതിൽ നിർമ്മാണം, ഫെൻസിംഗ് , ഫുട്ബോൾ , വോളിബോൾ , ക്രിക്കറ്റ് എന്നിവയ്ക്കായുള്ള ക്രമീകരണങ്ങൾ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വീണ്ടും പണി തുടങ്ങി
മുടങ്ങിപ്പോയ പദ്ധതിയുടെ പുനർനിർമ്മാണം സ്പോർട്സ് കൗൺസിൽ ഇടപെട്ട് വീണ്ടും കഴിഞ്ഞ ദിവസം ആരംഭിച്ചിട്ടുണ്ട്. സ്പോർട്സ് കൗൺസിൽ എക്സിക്യുട്ടീവ് എൻജിനീയർ എസ് .മനോജിന്റെ നേതൃത്വത്തിൽ വിദഗ്ദ്ധസംഘം സ്ഥലം സന്ദർശിച്ചിരുന്നു.
വൈദ്യുതി വിളക്കുകൾ സ്ഥാപിക്കുന്നതുൾപ്പടെയുള്ള ഒന്നാംഘട്ട പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തികരിക്കുന്നതിന് പിന്നാലെ രണ്ടാം ഘട്ട നിർമ്മാണത്തിനായി ഒരു കോടി രൂപയുടെ എസ്റ്റിമേറ്റും രൂപരേഖയും തയ്യാറാക്കി സ്പോർട്സ് കൗൺസിലിന് നൽകിയിട്ടുണ്ട്
അമ്പിളി പ്രഭാകരൻ നായർ (ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് )
------------------
സ്റ്റേഡിയത്തിന് തുടക്കമിട്ടത് 1995ൽ