ഏഴംകുളം : 50 ലക്ഷം രൂപയുടെ വികസനമൊരുക്കുമെന്ന് ഏഴംകുളം ഗ്രാമപഞ്ചായത്ത് അധികൃതർ കൊട്ടിഘോഷിച്ച അറുകാലിക്കൽ സ്റ്റേഡിയം ചെളിക്കുളമായി. മാസങ്ങൾക്ക് മുൻപ് അവതരിപ്പിച്ച പഞ്ചായത്ത് ബഡ്ജറ്റിലാണ് സ്റ്റേഡിയത്തിന് വേണ്ടി തുക വകയിരുത്തിയത്. ഭരണസമിതി കാലാവധി അവസാനിക്കുന്നതിന് മുൻപ് സ്റ്റേഡിയം ആധുനികവത്കരിക്കുമെന്നായിരുന്നു പ്രചരണം. എന്നാൽ ഒന്നും നടന്നില്ല. മഴവെള്ളം നിറഞ്ഞ് ചെളിക്കുളമായിരിക്കുകയാണിപ്പോൾ. ഇഴജന്തുക്കളുടെയും തെരുവ് നായ്ക്കളുടെയും കേന്ദ്രമായും മാറി. കെ.പി റോഡിൽ നിന്ന് അരകിലോമീറ്റർ അകലെ അറുകാലിക്കൽ ക്ഷേത്രത്തിനു സമീപമാണ് സ്റ്റേഡിയമുള്ളത്. സ്റ്റേഡിയം നവീകരിക്കണമെന്ന ആവശ്യമുയരാൻ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ട് പിന്നിട്ടു. ഏഴംകുളം ടൗൺ വാർഡിലെയും സമീപവാർഡുകളിലെയും സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ള വസ്തുക്കളിലെ കളിസ്ഥലങ്ങളിലെല്ലാം കെട്ടിടങ്ങൾ ഉയർന്നതോടെ കുട്ടികൾക്ക് ഉൾപ്പടെ കളിക്കാൻ പഞ്ചായത്ത് സ്റ്റേഡിയം മാത്രമാണുള്ളത്. കേരളോത്സവ കാലത്ത് മാത്രമാണ് പഞ്ചായത്ത് ഭരണസമിതിക്ക് സ്റ്റേഡിയത്തെ കുറിച്ചുള്ള ചിന്തയെന്നും ആക്ഷേപമുണ്ട്.
പഞ്ചായത്ത് സ്റ്റേഡിയം
1. കെ.പി റോഡിൽ നിന്ന് അരകിലോമീറ്റർ അകലെ.
2. ബാഡ്മിന്റൺ ,വോളിബോൾ ,ക്രിക്കറ്റ്, ഫുട്ബോൾ മത്സരങ്ങൾക്ക് അനുയോജ്യം.
3. ബഡ്ജറ്റിൽ അനുവദിച്ചത് : 50 ലക്ഷം