meeting-
കൊറ്റനാട് നടന്ന ജലമിത്ര യോഗം

റാന്നി: പഞ്ചായത്തുകൾ തോറും ജല സുരക്ഷ ഉറപ്പാക്കുന്നതിനായി അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ നേതൃത്വം നൽകുന്ന ജല മിത്ര പദ്ധതികൾക്ക് കോട്ടാങ്ങലിൽ തുടക്കമായി. ജല സുരക്ഷ ഉറപ്പാക്കുന്നതിന് എല്ലാ പിന്തുണകളും ഏറ്റുവാങ്ങി എഴുമറ്റൂർ, കുറ്റാനാട് പഞ്ചായത്തുകളിൽ യോഗം പൂർത്തിയാക്കി വെള്ളിയാഴ്ച രാവിലെ 11.30ന് നാറാണംമൂഴി, 2.30ന് പെരുന്നാട് എന്നിവിടങ്ങളിൽ യോഗം ചേരും. ജനപ്രതിനിധികളെ കൂടാതെ കുടുംബശ്രീ സംസ്ഥാന ഭാരവാഹികൾ, ജല വിഭവ വകുപ്പ് ഉദ്യോഗസ്ഥർ, ഭൂഗർഭജല വകുപ്പ് ഉദ്യോഗസ്ഥർ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരും പങ്കെടുത്തു. ജലസാദ്ധ്യത മനസിലാക്കുന്നതിനായി കേരള ലാൻഡ് യൂസ് ബോർഡ് ഓരോ പഞ്ചായത്തിലെയും നീർച്ചാലുകളുടെയും മറ്റ് ജല ലഭ്യതയ്ക്കുള്ള മാർഗങ്ങളുടെയും വിശദമായ പഠനം സാറ്റലൈറ്റിന്റെ സഹായത്തോടെ ശാസ്ത്രീയമായി നടത്തി ആദ്യഘട്ടം പൂർത്തിയാക്കിയിട്ടുണ്ട്. തുടർന്നുള്ള ഘട്ടം ആലോചിക്കുന്നതിനു വേണ്ടിയാണ് വിപുലമായ യോഗം വിളിച്ച് ചേർത്തിരിക്കുന്നത്. മഴവെള്ളം പരമാവധി പ്രയോജനപ്പെടുത്തുക, കിണറുകൾ റീചാർജ് ചെയ്യാനുള്ള പദ്ധതികൾ , മഴവെള്ള സംഭരണികൾ , ആറമടകളിലും മറ്റും ഉപയോഗശൂന്യമായി കിടക്കുന്ന കുളങ്ങൾ വൃത്തിയാക്കി ജലവിതരണം സാദ്ധ്യമാക്കുക, കേടായി കിടക്കുന്ന കുഴൽ കിണറുകളുടെ പുനർനിർമ്മാണം, ജലത്തിന്റെ ദുരുപയോഗം തടയുക, ജലസംരക്ഷണത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക തുടങ്ങിയവയെല്ലാം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.