ചെങ്ങന്നൂർ : അമൃത് പദ്ധതി പ്രകാരം നഗരസഭ പ്രദേശത്തെ 500 വീടുകൾക്ക് ജല അതോറിറ്റിയുടെ സൗജന്യ കുടിവെള്ള കണക്ഷൻ നൽകുന്ന 1.72 കോടിയുടെ പദ്ധതിതുടങ്ങി. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം നിർമ്മിച്ച സംസ്ഥാനത്തെ ഏറ്റവുംമികച്ച വീടുകളിൽ ഒന്നായി സംസ്ഥാന സർക്കാർ തിരഞ്ഞെടുത്ത 23ാം വാർഡിലെ കല്ലുവരമ്പ് രത്നാനിവാസിൽ റ്റി.മുരുകൻ, പി.മാല ദമ്പതികളുടെ വീട്ടിലേക്കാണ് ആദ്യകുടിവെള്ള കണക്ഷൻ നൽകിയത്.
പദ്ധതി പ്രകാരം ഒരു വാർഡിലെ 19 വീടുകളിലേക്കാണ് സൗജന്യ പൈപ്പ് കണക്ഷൻ നൽകുന്നത്. 3.2 കോടി രൂപയുടെ പദ്ധതി പ്രകാരം 400 വീടുകളിലേക്ക് കുടിവെള്ള കണക്ഷനും 8000 മീറ്റർ പെപ്പ് സ്ഥാപിക്കലും പൂർത്തീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്.
നഗരസഭാ വൈസ് ചെയർമാൻ കെ. ഷിബുരാജൻ ഉദ്ഘാടനംചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി സജൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റിജോ ജോൺ ജോർജ്, നഗരസഭ സൂപ്രണ്ട് പ്രവീൺ രാജ്, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ സി.നിഷ, ജല അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ ആര്യാ വിജയൻ, ഓവർസിയർ വി. രമ്യ, അമൃത് പദ്ധതി ജില്ലാ കോഓഡിനേറ്റർ കെ.അജിന, കെ.എം.മാത്യു, ലിജോ കെ. മാത്യു, രമണി വിഷ്ണു എന്നിവർ പ്രസംഗിച്ചു.