പന്തളം: പന്തളത്ത് നഗരസഭാ ഓഫിസിനു സമീപത്തെ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിച്ചു. ഇതേച്ചൊല്ലി കച്ചവടക്കാരും നഗരസഭാ ഭരണസമിതി അംഗങ്ങളും തമ്മിൽ തർക്കമുണ്ടായി. നഗരസഭ നിർമ്മിക്കുന്ന പുതിയ ബസ് സ്റ്റാൻഡിൽ നിന്നു പുറത്തേക്കുള്ള റോഡ് നിർമ്മാണത്തിനായാണ് കച്ചവടക്കാരെ ഒഴിപ്പിച്ചതെന്ന് നഗരസഭാ അധികൃതർ പറയുന്നു. ഇന്നലെ രാവിലെ എട്ടിനാണ് ഒഴിപ്പിക്കൽ ആരംഭിച്ചത്. പച്ചക്കറി, മത്സ്യം തുടങ്ങിയവ വിൽപന നടത്തിവന്ന മൂന്ന്കച്ചവടക്കാരെയാണ് ഒഴിപ്പിച്ചത്. . വിവരമറിഞ്ഞെത്തിയ വഴിയോരക്കച്ചവട തൊഴിലാളി ഫെഡറേഷൻ ഏരിയ സെക്രട്ടറി പ്രമോദ് കണ്ണങ്കരയുടെ നേതൃത്വത്തിൽ വ്യാപാരികൾ എതിർത്തതിനെത്തുടർന്ന് തർക്കവും ബഹളവുമുണ്ടായി. പിന്നീട് പൊലീസിന്റെ സഹായത്തോടെ കച്ചവടം ഒഴിപ്പിച്ചു. 3 വ്യാപാരികൾക്കും ചന്തയിൽ സ്ഥലം നൽകാനും തീരുമാനമായി.
ഓണത്തിനു മുമ്പുതന്നെ ഒഴിയണമെന്ന് അറിയിച്ചിരുന്നുവെന്ന് നഗരസഭാ അധികാരികൾ പറഞ്ഞു. ഓണം കഴിയുന്നത് വരെ സമയം നൽകുകയും ചെയ്തു. ബുധനാഴ്ചയും ഉദ്യോഗസ്ഥർ ഒഴിയണമെന്നാവശ്യപ്പെട്ടു. അല്ലാത്തപക്ഷം നടപടിയുണ്ടാകുമെന്നും അറിയിച്ചിരുന്നെങ്കിലും ആരും മാറിയിരുന്നില്ല.
വികസനത്തിന്റെ പേരിൽ നാളുകളായി വഴിയോര കച്ചവടത്തൊഴിലാളികളെ ഭരണസമിതി ദ്രോഹിക്കുകയാണെന്ന് വഴിയോരക്കച്ചവട തൊഴിലാളി ഫെഡറേഷൻ ഏരിയ സെക്രട്ടറി പ്രമോദ് കണ്ണങ്കര പറഞ്ഞു.