വള്ളിക്കോട് : കലക്കവെള്ളവും ചെളിയും മൂലം വള്ളിക്കോട് കുടിവെള്ള പദ്ധതിയുടെ ശുദ്ധജല വിതരണം പ്രതിസന്ധിയിൽ. വാട്ടർ അതോറിറ്റിയുടെ വള്ളിക്കോട് ഇൻടേക്ക് പമ്പ് ഹൗസിന്റെ സമീപത്തുടുകൂടി കടന്നു പോകുന്ന വലിയ തോട്ടിൽ നിന്നാണ് അമിതമായി കലക്കവെള്ളം പമ്പ് ഹൗസിലേക്ക് എത്തുന്നത്. ചെമ്പതപാലത്തിന് സമീപമുള്ള പാടശേഖരങ്ങളിൽ നെൽ കൃഷിക്കായി വയൽ ഉഴുതുമറിച്ചിട്ടിരിക്കുകയാണ്. മഴ പെയ്തതോടെ ഇവിടെ നിന്നുമാണ് അമിതമായി കലക്കവെള്ളവും ചെളിയും എത്തുന്നത്. ഈ ജലമാണ് വള്ളിക്കോട് ഇൻടേക്ക് പമ്പ് ഹൗസിൽ നിന്നും ശുദ്ധീകരണത്തിനായി പ്ലാന്റിലേക്ക് എത്തിക്കേണ്ടത്. അമിതമായ കലക്കലും ചെളിയും കാരണം ഫിൽറ്ററുകൾ അടയുകയും, പുനക്രമീകരിക്കുന്നതിന് കൂടുതൽ ജലം ആവശ്യമായി വരുന്നതും കാരണം ജല വിതരണം പ്രതിസന്ധിയിലായിരിക്കുകയാണ്. അച്ചൻകോവിലാറ്റിലെ താഴൂർ കടവിലാണ് വള്ളിക്കോട്, കൊടുമൺ ഗ്രാമപഞ്ചായത്തുകളിലേക്ക് ശുദ്ധജലം എത്തിക്കുന്ന ജല അതോറിറ്റിയുടെ കുടിവെള്ള പദ്ധതി സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും വള്ളം പമ്പ് ചെയ്താണ്പനയംപാറയിലെ ട്രീറ്റ്മെന്റ് പ്ളാന്റിൽ എത്തിച്ച് ശുദ്ധീകരിച്ച ശേഷമാണ് വിതരണം ചെയ്യുന്നത്. അച്ചൻകോവിലാറ്റിലും വലിയ തോട്ടിലും രണ്ട് സെക്ഷൻ പൈപ്പ് ലൈനുകളാണ് ഇതിനായി സ്ഥാപിച്ചിട്ടുള്ളത്. ചെളി നിറഞ്ഞതോടെ അച്ചൻകോവിലാറ്റിലെ പൈപ്പ് മാസങ്ങൾക്ക് മുമ്പ് അടഞ്ഞു. വലിയ തോട്ടിൽ സ്ഥാപിച്ചിരിക്കുന്ന പൈപ്പിൽ നിന്ന് മാത്രമാണ് നിലവിൽ പമ്പിംഗ് നടക്കുന്നത്. ഇതിലൂടെയാണ് അമിതമായി കലക്കവെള്ളവും ചെളിയും എത്തുന്നത്.
നിരവധി കുടുംബങ്ങളുടെ ആശ്രയം
നിരവധി പട്ടികജാതി സങ്കേതങ്ങൾ ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് വള്ളിക്കോട്, കൊടുമൺ പഞ്ചായത്തുകൾ. ജല അതോറിറ്റിയുടെ കുടിവെള്ളം മാത്രം ആശ്രയിച്ച് കഴിയുന്ന നിരവധി കുടുംബങ്ങളും ഇവിടെയുണ്ട്. നേരത്തെ മഞ്ഞപ്പിത്തം ഉൾപ്പടെയുള്ള ജലജന്യ രോഗങ്ങൾ വ്യാപകമായിരുന്ന പഞ്ചായത്തുകളാണിത്. പൈപ്പ് ലൈനുകളിലൂടെ കലക്കവെള്ളം എത്തുന്നത് പ്രതിഷേധങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. പാടശേഖരങ്ങളിലെ വരമ്പുകൾ ഉയർത്തിയോ തടയണ നിർമ്മിച്ചോ കലക്ക വെള്ളം നിയന്ത്രിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ ശുദ്ധജല വിതരണം താറുമാറാകും.