അടൂർ : പറക്കോട് -ചിരണയ്ക്കൽ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പും ജല അതോറിറ്റിയും തമ്മിൽ നിലനിന്ന തർക്കം പരിഹരിച്ചതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു. വാട്ടർ അതോറിറ്റിക്ക് ഫണ്ട് ലഭ്യമാകാത്ത സാഹചര്യത്തിലാണ് പ്രവൃത്തികൾ നീണ്ടുപോയത്. പൈപ്പ് ലൈൻ പ്രവൃത്തികളുടെ പൂർത്തീകരണത്തിന് ഫണ്ട് അനുവദിച്ച സാഹചര്യത്തിൽ സെപ്റ്റംബർ 29ന് ആരംഭിച്ച് ഒക്ടോബർ 15 നകം ഇരുവശവുമുള്ള രണ്ട് കിലോമീറ്റർ ദൂരത്തിലെ പൈപ്പ് ലൈനുകൾ പുതുതായി സ്ഥാപിച്ചും നിലവിലെ വാട്ടർ കണക്ഷനുകൾ നിലനിർത്തിയും പ്രവൃത്തികൾ പൂർത്തീകരിക്കണമെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. വാട്ടർ അതോറിറ്റി പണി പൂർത്തിയാകുമ്പോൾ തന്നെ റോഡ് പണിയും പൂർത്തിയാക്കണം. ഇതുസംബന്ധിച്ച യോഗത്തിൽ ജില്ലാ കളക്ടർ പ്രേംകൃഷ്ണൻ , ആർ. ഡി. ഒ വിപിൻ കുമാർ, വാട്ടർ അതോറിറ്റി, പി ഡബ്ല്യൂ ഡി നിരത്ത് വിഭാഗം ഇ.ഇ മാരായ ബാബുരാജ്, എബ്രഹാം വർഗീസ് മറ്റ്ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.