ചെങ്ങന്നൂർ: ഭക്ഷ്യ വിപണന രംഗത്തെ കുടുംബശ്രീയുടെ ഏറ്റവും പുതിയ സംരംഭമായ കഫെ കുടുംബശ്രീ പ്രീമിയം റസ്റ്റോറന്റിന്റെ ചെങ്ങന്നൂർ കല്ലിശ്ശേരിയിൽ ആരംഭിച്ച 11-ാമത് ശാഖ തരംഗമാകുന്നു. ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ രുചി വൈവിദ്ധ്യം കൊണ്ടും ഗുണമേന്മകൊണ്ടും സ്വാദിഷ്ടമായ ഭക്ഷണം വിളമ്പി ചെങ്ങന്നൂരിന്റെ ഹൃദയത്തിൽ ഇടം നേടാൻ കല്ലിശേരി കഫെക്ക് കഴിഞ്ഞു. 10 ദിവസം കൊണ്ട് ഏഴു ലക്ഷത്തോളം രൂപയുടെ വ്യാപാരമാണ് കല്ലിശ്ശേരി കഫേയിൽ ലഭിച്ചിട്ടുള്ളത്. ചൈനീസ് വിഭവങ്ങളും ഇവിടെ വിളമ്പുന്നുണ്ട് .ഉത്തരേന്ത്യൻ, അറേബ്യൻ വിഭവങ്ങളും തുടർന്നുള്ള ദിവസങ്ങളിൽ തന്നെ ആരംഭിക്കും. കൂടാതെ പാർട്ടികൾ ഉൾപ്പെടെ മറ്റ് പരിപാടികൾക്കുള്ള ഓർഡറുകളും സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട് . ഓർഡറുകൾ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ എത്തിച്ചു കൊടുക്കുകയും വിളമ്പി നൽകുകയും ചെയ്യും .ഹരിത പ്രോട്ടോകോൾ പാലിച്ച് മാലിന്യ സംസ്കരണം അടക്കം ഏറ്റെടുത്തുകൊണ്ടാണ് ഓർഡറുകൾ സ്വീകരിക്കുന്നത്. റസ്റ്റോറന്റിലെ വിലയിൽ തന്നെയായിരിക്കും ഓർഡറുകൾ സ്വീകരിക്കുന്നത്. ഭക്ഷണം എത്തിക്കുന്നതിന്റെയും വിതരണം ചെയ്യുന്നതിന്റെയും ചെലവ് മാത്രം അധികമായി നൽകിയാൽ മതിയാകുമെന്നും. ജില്ലയിലെ മറ്റ് നിയമസഭാമണ്ഡലങ്ങളിലും പ്രീമിയം കഫേകൾ ഉടൻതന്നെ ആരംഭിക്കും. ഒരു നിയമസഭാ മണ്ഡലത്തിൽ ഒന്ന് എന്ന ക്രമത്തിലാണ് കഫെകൾ ആരംഭിക്കുന്നത്. ആകെ ചെലവിന്റെ 25 ശതമാനം അല്ലെങ്കിൽ പരമാവധി 20 ലക്ഷം രൂപയാണ് ഇതിനായി കുടുംബശ്രീ നൽകുന്നത്. ചെങ്ങന്നൂർ ഒഴികെയുള്ള മറ്റ് നിയമസഭാ മണ്ഡലങ്ങളിലേക്ക് കുടുംബശ്രീ അപേക്ഷകരെ ക്ഷണിക്കുന്നു. ഇത് സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ കുടുംബശ്രീ ജില്ലാ മിഷനിൽ നിന്നോ കുടുംബശ്രീയുടെ വെബ്സൈറ്റിൽ നിന്നോ ലഭ്യമാകും. പ്രീമിയം കഫെയിൽ നടന്ന പത്രസമ്മേളനത്തിൽ മിഷൻ കോഡിനേറ്റർ എസ് രഞ്ജിത്ത്, കുടുംബശ്രീ ട്രെയിനിംഗ് ഏജൻസിയായ ഐഫ്രം ചുമതലക്കാരൻ ദയാൻ രാഘവ്, സംരംഭകരായ സന്തോഷ് കുമാർ, രഞ്ജു ആർ കുറുപ്പ് എന്നിവർ പങ്കെടുത്തു.
..................................
ഏറ്റവും മികച്ചതും സ്വാദിഷ്ടവുമായ ഭക്ഷണം നൽകും.
എസ് രഞ്ജിത്ത്
(കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ)