bund
കവിയൂർ പഞ്ചായത്തിലെ വെണ്ണീർവിള പാടത്തേക്ക് വെള്ളം എത്തിക്കുന്ന ബണ്ട് തകർന്ന നിലയിൽ

തിരുവല്ല : കൃഷിക്ക് വെള്ളമെത്തിക്കുന്ന ബണ്ടിന്റെ തകർച്ചയെ തുടർന്ന് വെണ്ണീർവിള പാടത്തെ കർഷകർ നെൽകൃഷി ഉപേക്ഷിക്കുന്നു. കവിയൂർ പഞ്ചായത്തിലെ പെരുമ്പടി മുതൽ തുരുത്ത് വരെയുള്ള ബണ്ടുകളാണ് ഏറെക്കാലമായി തകർന്നുകിടക്കുന്നത്. വെള്ളം എത്തിക്കാൻ സാധിക്കാത്തതിനാൽ 500 ഏക്കറുള്ള വെണ്ണീർവിള പാടത്തിന്റെ 100 ഏക്കറിൽ മാത്രമേ കൃഷിയുള്ളൂ. കഴിഞ്ഞവർഷം വരെ ഈ നൂറ് ഏക്കറിൽ കൃഷിചെയ്യുന്ന പത്തോളം കർഷകരാണ് ഇനി കൃഷി ചെയ്യുന്നില്ലെന്ന് പറയുന്നത്. വെള്ളം എത്തിക്കുന്നതിന്റെ ബുദ്ധിമുട്ട് കാരണം 400 ഏക്കറിൽ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി കൃഷി ചെയ്യുന്നില്ല. മൂന്ന് കിലോമീറ്ററോളം നീളത്തിൽ പാടത്തിന്റെ നടുവിലൂടെ ബണ്ട് ഉണ്ടെങ്കിലും കാലപ്പഴക്കത്തെ തുടർന്ന് പലയിടത്തും പൊട്ടിപ്പൊളിഞ്ഞു. ചോർച്ച ശക്തമായതിനാൽ വെള്ളം പമ്പ് ചെയ്താലും ഫലമില്ലെന്ന് കർഷകർ പറയുന്നു. കഴിഞ്ഞ കുറെവർഷങ്ങളായി ബണ്ടിന്റെ അറ്റകുറ്റപ്പണികൾ നടത്തണമെന്ന് കർഷകർ ആവശ്യപ്പെടുകയാണ്. ഇതിനായി കൃഷി, ജലസേചന വകുപ്പ് അധഃസ്ഥിതൻ, അധഃകൃതൻക്ക് കർഷകർ നിവേദനം നൽകുകയും ചെയ്തു. എന്നാൽ ബണ്ട് പുനർനിർമ്മിക്കുകയോ അറ്റകുറ്റപ്പണികൾ നടത്തുകയോ ഇതുവരെയും ചെയ്തിട്ടില്ല. കോട്ടൂർ പ്രദേശത്തുള്ള ആളുകൾ നടപ്പാതയായും ബണ്ട് ഉപയോഗിച്ചിരുന്നു. എന്നാൽ ഇപ്പോൾ ബണ്ട് പൊളിഞ്ഞു കിടക്കുന്നതിനാൽ മറ്റുവഴികളിലൂടെയാണ് ആളുകൾ പോകുന്നത്. മറ്റു ഉപജീവന മാർഗമില്ലാത്തതിനാൽ പലവിധ പ്രതിസന്ധികളെയും തരണം ചെയ്തുകൊണ്ടാണ് കുറെ കർഷകർ ഇവിടെ കൃഷി ചെയ്തുവന്നിരുന്നത്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി കർഷകരെ സഹായിക്കാൻ തയാറാകാത്ത അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ച് ഇത്തവണ പുഞ്ചകൃഷി ഉപേക്ഷിക്കാനാണ് പാടശേഖരസമിതിയുടെ തീരുമാനം,

......................................................

കവിയൂർ പഞ്ചായത്തിലെ കർഷകർ ഏറെക്കാലമായി അനുഭവിക്കുന്ന ദുരിതം സംബന്ധിച്ച് താലൂക്ക് സഭയിൽ നിരവധി തവണ ആവശ്യം ഉന്നയിച്ചിട്ടുണ്ടെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല.
എം.ഡി ദിനേശ്കുമാർ
(കവിയൂർ പഞ്ചായത്ത് പ്രസിഡന്റ് )

..................................................

പാടത്തേക്കുള്ള ബണ്ടിന്റെ അറ്റകുറ്റപ്പണികൾ ചെയ്യാൻ പോലും അധികൃതർ ഇതുവരെയും തയാറായിട്ടില്ല. വെള്ളം കിട്ടാത്തതിനാൽ കൃഷി ഉപേക്ഷിക്കുകയാണ്.
കെ.ആർ സദാശിവൻ
(പാടശേഖരസമിതി പ്രസിഡന്റ്)

............................................

വെണ്ണീർവിള പാടത്തെ കർഷകർക്ക് വെള്ളമെത്തിക്കാൻ ബുദ്ധിമുട്ടുണ്ട്. മൈനർ ഇറിഗേഷൻ വകുപ്പിന്റെ കനലാണ് തകർന്നു കിടക്കുന്നത്. ഇത് അറ്റകുറ്റപ്പണികൾ നടത്തണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ട്.
ജിനി ജേക്കബ്
(കൃഷി ഓഫീസർ)